Mon. Nov 25th, 2024
തിരുവനന്തപുരം:

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേ, ബി.ജെ.പിയുടെ ശക്തി പെരുപ്പിച്ചു കാണിച്ചു അവർക്കു കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്യുന്നതിനാണെന്നുള്ള സംശയം ബലപ്പെടുന്നു. ഏഷ്യാനെറ്റ് ന്യൂസ് ബംഗളൂരുവിലെ ‘എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സുമായി’ ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേയുടെ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം സീറ്റിൽ കുമ്മനം രാജശേഖരൻ ഒന്നാമതെത്തുമെന്നും, പത്തനംതിട്ടയിൽ വീണ ജോർജ്ജിനെ മറികടന്ന് രണ്ടാമത് വരുന്നത് കെ.സുരേന്ദ്രൻ ആയിരിക്കുമെന്നാണ് സർവേ ഫലം. ഫെബ്രുവരിയിൽ നടത്തിയ ആദ്യ ഘട്ടത്തിലും കേരളത്തിൽ രണ്ടു സീറ്റ് വരെ ബി.ജെ.പി ജയിച്ചേക്കുമെന്നു ഏഷ്യാനെറ്റ് ന്യൂസ് – എ-ഇസഡ് റിസേര്‍ച്ച് സർവേ പ്രവചിച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ കേരളത്തിലെ 11 മണ്ഡലങ്ങളിൽ വെറും 5500 പേരിൽ നിന്ന് മാത്രം അഭിപ്രായങ്ങൾ ശേഖരിച്ചാണ് ഏഷ്യാനെറ്റ് സർവേ തയ്യാറാക്കിയത്. ഈ സർവേ അശാസ്ത്രീയമാണെന്നും, ബി.ജെ.പിയെ സഹായിക്കാനാണെന്നും അന്നേ ആരോപണം ഉയർന്നിരുന്നു. രണ്ടാം ഘട്ടത്തിൽ ഇരുപതു മണ്ഡലങ്ങളെയും പങ്കെടുപ്പിച്ചു കേരളത്തിലെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത സർവേ എന്ന് ഏഷ്യാനെറ്റ് അവകാശവാദം ഉന്നയിക്കുമ്പോളും ചാനലിന്റെ പിന്നണികളിൽ ഉള്ളവരുടെ താല്പര്യം ഈ സർവേയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥാവകാശം കൈവശം വെച്ചിരിക്കുന്നത് ബി.ജെ.പിയുടെ എം.പി കൂടിയായ വ്യവസായ പ്രമുഖൻ രാജീവ് ചന്ദ്രശേഖർ ആണെങ്കിലും, റിപ്പബ്ലിക് ടി.വി പോലെ അതൊരു സംഘ പരിവാർ ചാനൽ ആണെന്ന് പൊതുവെ അറിയപ്പെടുന്നില്ല. പ്രത്യേകിച്ചും ചാനലിന്റെ മുഖമായി നിൽക്കുന്ന എം.ജി രാധാകൃഷ്ണനും, സിന്ധു സൂര്യകുമാറും, വിനുവും, ജിമ്മി ജോർജ്ജും ഉൾപ്പടെയുള്ളവർ എല്ലാം നിഷ്പക്ഷരോ അല്ലെങ്കിൽ ഇടതു സഹയാത്രികരോ ആയാണ് അറിയപ്പെടുന്നത്. പക്ഷെ നിർണ്ണാകയമായ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ഇറങ്ങിയ ഈ സർവേയെ മാനേജ്‌മെന്റ് താല്പര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ട് എന്ന രീതിയിൽ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ് സർവേ സംശയത്തിന്റെ നിഴലിൽ വരുന്നതിനു മുഖ്യ കാരണം ഏഷ്യാനെറ്റിനൊപ്പം സര്‍വ്വേ നടത്തിയ എ-ഇസഡ് റിസേര്‍ച്ച് പാര്‍ട്ണര്‍ എന്ന കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ സുജയ് മിശ്രയുടെ ബി.ജെ.പി ബന്ധം തന്നെയാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചപ്പോള്‍ തല മൊട്ടയടിച്ച് ശപഥം നിറവേറ്റിയ വ്യക്തിയാണ് സുജോയ് മിശ്ര. മോദിക്കും, ബി.ജെ.പി സര്‍ക്കാരിനുമായി വോട്ടഭ്യര്‍ഥിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹം നിരവധി ഫോട്ടോകളും, പോസ്റ്റുകളും, വാർത്തകളും ഷെയർ ചെയ്തിരുന്നു.

ഇന്നലെ ചാനലിൽ സർവേ ഫലം പുറത്തു വിടുമ്പോൾ നടന്ന ചർച്ചയിൽ പങ്കെടുത്തത് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് എം.ജി. രാധാകൃഷ്ണനും, സിന്ധു സൂര്യകുമാറും, വിനുവും, സുരേഷ് കുമാറും ആയിരുന്നു. അഭിപ്രായ സർവേയിൽ ഓരോ മണ്ഡലത്തിലെയും കണക്കുകൾ കാണിക്കുമ്പോൾ അതിലെ പൊരുത്തക്കേടുകൾ ചർച്ചയിൽ പങ്കെടുത്ത ഈ ഏഷ്യാനെറ്റ് ജീവനക്കാർ പോലും പങ്കുവെക്കുന്നുണ്ടായിരുന്നു. സുരേന്ദ്രനെയും, സുരേഷ് ഗോപിയെയും ഒക്കെ ഉയർത്തിക്കാണിക്കാനുള്ള ബോധപൂർവമുള്ള ശ്രമവും അതിനിടയിൽ ഉണ്ടായി. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി യ്ക്ക് 20 ശതമാനത്തിനടുത്തു വോട്ടു ഉണ്ടെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയും സർവേയിലുണ്ട്.


മലയാളത്തിലെ ആദ്യത്തെ സ്വകാര്യ വാർത്ത ചാനൽ ആയതുകൊണ്ട് ഏഷ്യാനെറ്റിന് മലയാളികൾക്കിടയിൽ ഒരു പ്രത്യേക സ്‌ഥാനവും, വിശ്വാസ്യതയും ഉണ്ട്. ചിലർക്കെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് കാണുന്നത് ജീവിതത്തിന്റെ ഒരു ഭാഗവുമാണ്. അതുകൊണ്ട് തന്നെയാണ് പത്രമുത്തശ്ശിമാരുടെ ചാനലുകളെക്കാൾ റേറ്റിംഗിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിട്ട് നിൽക്കുന്നത്. ജനങ്ങളുടെ ഈ വിശ്വാസം നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിൽ ഏഷ്യാനെറ്റ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്. വെറുമൊരു സർവേ ഫലം പുറത്തു വിടുക മാത്രമല്ല, അതിനോട് അനുബന്ധിച്ചു ധാരാളം ചർച്ചകളും വാർത്തകളും ഏഷ്യാനെറ്റ് ചാനൽ നിരന്തരം ആവർത്തിച്ച് പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് ഇത്തരം സർവേകൾ മലയാളികളുടെ പൊതുബോധ നിർമ്മിതിക്ക് തന്നെ ഒരു ഘടകം ആകും എന്നതിനാൽ ഇത്തരം സർവേകൾ കുറെ കൂടി സുതാര്യമാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *