തിരുവനന്തപുരം:
അന്തരിച്ച പ്രമുഖ എഴുത്തുകാരനും, പ്രഭാഷകനും, ബ്യുറോക്രാറ്റും ആയിരുന്ന ഡോ: ഡി. ബാബു പോളിന്റെ സംസ്കാരം ഇന്ന് നാലിനു പെരുമ്പാവൂർ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇന്നു രാവിലെ 5 മണിക്ക് മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. 12 മണിയോടെ കുറുപ്പംപടിയിൽ ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോർ എപ്പിസ്കോപ്പയുടെ മാതൃഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ 4 മണിക്കായിരിക്കും സംസ്കാര ശുശ്രൂഷ.
കരൾ, വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ബാബു പോൾ അന്തരിച്ചത്. 1941 ഏപ്രിൽ 11ന് എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനിച്ച ബാബുപോൾ കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എൻജിനീയറിങ് കോളേജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്.സി എൻജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ആയിരുന്നു അദ്ദേഹത്തിന് ഐ.എ.എസ് ലഭിച്ചത്.
1968-70 ൽ ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപറേഷൻ എംഡിയും 70-71 ൽ പാലക്കാട് ജില്ലാകളക്ടറുമായിരുന്നു. ഇടുക്കി പദ്ധതിയുടെ പ്രോജക്ട് കോ-ഓർഡിനേറ്ററും സ്പെഷൽ കളക്ടറുമായി 1971 മുതൽ പ്രവർത്തിച്ചു.1972 ജനുവരിയിൽ ഇടുക്കി ജില്ല നിലവിൽ വന്നതു മുതൽ 1975 വരെ ജില്ലാ കളക്ടറായിരുന്നു. ട്രാവൻകൂർ ടൈറ്റാനിയം എം.ഡി, സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, റവന്യു, ധനകാര്യം, ഗതാഗതം, തുറമുഖം, ഫിഷറീസ്, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറി, ലാൻഡ് റവന്യു, ഗതാഗത കമ്മീഷണർ, ടൂറിസം അടക്കമുള്ള വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി പദവിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കേ സ്വയം വിരമിച്ച് ഓംബുഡ്മാനായി ചുമതല ഏൽക്കുകയായിരുന്നു. കേരള സർവലാശാലാ വൈസ് ചാൻസലർ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
മലയാളത്തിലെ ആദ്യ ബൈബിൾ ഡിക്ഷ്ണറി അടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് ഡി. ബാബു പോൾ. ‘വേദശബ്ദരത്നാകരം’ എന്ന ബൈബിൾ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ‘ഉത്തരസ്യാം ദിശി’ (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ), ‘കഥ ഇതുവരെ ‘(അനുഭവകുറിപ്പുകൾ), ‘രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ’ എന്നീ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇടുക്കിയെ കുറിച്ച് എഴുതിയ ‘ഗിരിപർവ്വം’ ഏറെ പ്രശംസ പിടിച്ചുപറ്റിയ സർവീസ് സ്റ്റോറിയാണ്. താൻ മരിക്കുമ്പോൾ ശവസംസ്‌കാരവേളയിൽ കേൾപ്പിക്കാനുള്ള പ്രസംഗം ഇപ്പോൾ റെക്കോഡ് ചെയ്ത് വച്ചിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ തോമസ് ഐസക്, കെ.രാജു എന്നിവർ ബാബു പോളിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.