വാരണാസി:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കാൻ കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഹൈക്കമാന്റിനോട് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണു ലഭ്യമായ വിവരം.
പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കണമെന്ന് പാർട്ടിയുടെ യു.പി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലൊരു കാര്യം ആലോചനയിലില്ലെന്നായിരുന്നു നേതൃത്വം അന്ന് നൽകിയ വിശദീകരണം. കൂടാതെ പ്രിയങ്ക താൽപര്യമറിയിച്ചാൽ മൽസരിക്കാൻ അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മല്‍സര സന്നദ്ധത പ്രിയങ്ക തന്നെ നേരിട്ടറിയിച്ചെന്നാണു വിവരം.
വാരണാസിയിൽ പ്രിയങ്ക കളത്തിലിറങ്ങിയാൽ മോദിക്കു പ്രചാരണത്തിനായി കൂടുതൽ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോൾ, മോദിയെ വാരാണസിയിൽ തളച്ചിടുന്നതു തങ്ങൾക്കു നേട്ടമാകുമെന്ന ചിന്തയും കോൺഗ്രസിനുണ്ട്. മെയ് 19-നാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാൽ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഏറ്റവും അവസാനഘട്ടത്തിലാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ് നടക്കുക എന്നതിനാൽ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
വാരണാസിയിൽ മോദിക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്തുന്നതു സംബന്ധിച്ചു പ്രതിപക്ഷ കക്ഷികൾക്കിടയിൽ അണിയറ ചർച്ചകൾ സജീവമാണ്. പ്രിയങ്ക വരാനുള്ള സാധ്യതയുള്ളതിനാൽ എസ്.പി – ബി.എസ്.പി യുടെ മഹാസഖ്യം വാരണാസിയിൽ മോദിക്കെതിരെ ഇത് വരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. പ്രിയങ്ക ഗാന്ധി വാരണാസിയിൽ ഗംഗായാത്ര നടത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയങ്ക മത്സരിച്ചാൽ ഹിന്ദി മേഖലയിൽ അത് വലിയ ഗുണം ചെയ്യുമെന്ന് കരുതുന്നവർ ഏറെയാണ്. ഇതിനൊടുവിലാണ് പ്രിയങ്ക വാരണാസിയിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്ന അഭ്യൂഹങ്ങൾ ഉയരുന്നത്.
വാരണാസിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കിൽ മോദി, സുരക്ഷിതമായ ഒരു മണ്ഡലത്തിൽ കൂടി നാമനിർദ്ദേശക പത്രിക കൊടുക്കാൻ സാധ്യതയുണ്ടെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.