മുംബൈ:
ആര്‍ത്തവത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍.
ഹിന്ദു ദിന പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ബീഡ് ജില്ലാ ഭരണകൂടത്തോട് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേശീയ വനിതാ കമ്മീഷന്‍ സംഭവത്തില്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സ്ത്രീകളുടെ അവസ്ഥ അസുഖകരവും പരിതാപകരവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
ഭാവിയില്‍ ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും, ഇതിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറി യു.പി.എസ് മദനിന് അയച്ച നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
ചൂഷണത്തിനിരയായ സ്ത്രീകള്‍ക്കുള്ള പുനരധിവാസ പദ്ധതികളും, അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനായുള്ള നടപടികളും കൈക്കൊള്ളുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.
ആര്‍ത്തവ സമയത്ത് ജോലിക്ക് പോയില്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്നതിനാലാണ് സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നുവെന്നാണ് ദ ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മിക്ക കുടുംബങ്ങളിലെയും ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഒന്നിച്ച് മറാത്ത്‌വാഡ മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പഞ്ചസാര മേഖലയിലേക്ക് പോകും. കരാര്‍ അടിസ്ഥാനത്തിലാണിവര്‍ക്ക് ജോലി നല്‍കുക. കുടുംബമായി തൊഴില്‍ തേടിയെത്തുന്ന ഇവരിലെ ഭര്‍ത്താവിനേയും ഭാര്യയേയും ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാണ് കോണ്‍ട്രാക്റ്റര്‍മാര്‍ പണം നല്‍കുക. ഒരു ടണ്ണിന് 250 രൂപയാണ് കൂലി. ഒരു ദിവസം മൂന്ന് നാല് ടണ്‍ വരെ വെട്ടിയാല്‍ മാത്രമേ 1000 രൂപയെങ്കിലും ലഭിക്കുകയുള്ളൂ. കരാര്‍ ജോലി തീരുംവരെ സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ കരിമ്പ് പാടങ്ങളില്‍ത്തന്നെയാണ് അന്തിയുറങ്ങുക. പ്രവൃത്തി ദിവസങ്ങളില്‍ അവധിയെടുത്താല്‍ 500 രൂപ പിഴ നല്‍കണം. ഇതൊഴിവാക്കാനാണ് സ്ത്രീകള്‍ ഗര്‍ഭ പാത്രം മാറ്റുന്നത്.
ഒരു മറപ്പുര പോലുമില്ലാത്ത ജോലിയിടങ്ങളില്‍ ആര്‍ത്തവം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെയയതിനാല്‍ പലപ്പോഴും ഇവിടെ സ്ത്രീകള്‍ അവധിയെടുക്കേണ്ട അവസ്ഥയാണ്. കരിമ്പ് വെട്ടുപോലുള്ള കഠിനജോലികള്‍ ആര്‍ത്തവ സമയങ്ങളില്‍ ചെയ്യാനുമാവില്ല. ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്കുവേണ്ട പണം കരാറുകാരന്‍ തന്നെയാണ് കടമായി നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബീഡിലെ വന്‍ജാര്‍വാഡി പോലുള്ള ഗ്രാമങ്ങളിലെ 50 ശതമാനത്തോളം സ്ത്രീകളും, ഒന്നോ രണ്ടോ കുട്ടികളായ ശേഷം, ചെറുപ്രായത്തില്‍ത്തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്തവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുപ്രായത്തില്‍ത്തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിനും മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുമെന്നും, വിഷയത്തില്‍ പെട്ടെന്നു തന്നെ നടപടി സ്വീകരിക്കുമെന്നും ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാശര്‍മ പറഞ്ഞു.