ജമ്മു:
ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മുകശ്മീരിൽ ബി.ജെ.പി ക്കു അനുകൂലമായ രീതിയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികളായ പി.ഡി.പി യും, നാഷണൽ കോൺഫറൻസും രംഗത്തെത്തി. യൂണിഫോമിലായിരുന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥർ ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ നിർബന്ധിച്ചതായും, ചില മേഖലകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കോൺഗ്രസിൻറെ ബട്ടൺ പ്രവർത്തിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് വോട്ടിംഗ് മെഷീനിലെ കോൺഗ്രസ് ബട്ടൺ പ്രവർത്തിക്കാതിരുന്നത്.
ജമ്മുവിൽ ബി.ജെ.പി ക്ക് വോട്ട് ചെയ്യാത്തയാളെ ബി.എസ്.എഫ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്തതായി പി.ഡി.പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ആരോപിക്കുന്നു.പോളിംഗ് സ്റ്റേഷനിലെ സായുധ സേനയെ ഉപയോഗിച്ച് ബി.ജെ.പി ജനങ്ങളെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കുന്നുവെന്നും അവർ ആരോപിച്ചു.
ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യാൻ ബി.എസ്എ.ഫ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതിനെ തുടർന്ന് ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളുമായി വോട്ടർമാർ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൂഞ്ചിലെ അരായ് മൽക മേഖലയിൽ യൂണിഫോമിട്ട ഉദ്യോഗസ്ഥൻ ബി.ജെ.പി.ക്ക് വോട്ടുചെയ്യാൻ നിർബന്ധിച്ചുവെന്നും പിന്നീട് വോട്ടർമാരുടെ പരാതിയെത്തുടർന്ന് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരെത്തി അയാളെ നീക്കുകയായിരുന്നെന്നും നാഷണൽ കോൺഫറൻസ് നേതാവ് ദേവീന്ദർ സിങ് ആരോപിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കോൺഗ്രസ് ബട്ടൺ പ്രവർത്തിക്കാത്തതിനെ കുറിച്ച് പ്രിസൈഡിംഗ് ഓഫീസർ പറയുന്ന വീഡിയോ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പുറത്തുവിട്ടിരുന്നു.
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ 55 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. ജമ്മു സീറ്റിൽ 72.19% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ബാരാമുള്ള സീറ്റിൽ പോളിംഗ് വെറും 35% മാത്രമായിരുന്നു.