Fri. Nov 22nd, 2024
കൊച്ചി:

പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ കോടതി തള്ളി. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റീസ് അശോക് മേനോന്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.

ഈരാറ്റുപേട്ട സ്വദേശി ഹാരിസ് എന്ന പി എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് സിമി ക്യാമ്പ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്. റാസിഖിനും ഷാദുലിക്കും 14 വര്‍ഷം തടവ് ശിക്ഷയായിരുന്നു എന്‍ഐഎ കോടതി വിധിച്ചത്. മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.

കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി എ ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

2006 ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനത്തില്‍ നടന്ന പരിപാടിയെ ദേശ വിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *