ന്യൂയോര്‍ക്ക്:
ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്. 2012 ജൂണ്‍ 29ന് അസാഞ്ജിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്‌റ്റ് വാറണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടന്റെ നടപടി.
അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തിയ പ്രതിലോമകരവും അനാശാസ്യവുമായ ഇടപെടലുകളുടേയും ചാരപ്പണികളുടേയും നൂറ് കണക്കിന് രഹസ്യ ഫയലുകള്‍ പുറത്തുവിടാന്‍ നേതൃത്വം നല്‍കിയ ജൂലിയന്‍ അസാഞ്ജിനെതിരെ സ്വീഡന്‍ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത് സ്വീഡന് കൈമാറുകയും തുടര്‍ന്ന് സ്വീഡന്‍ അമേരിക്കയ്ക്ക് വിചാരണയ്ക്കായി കൈമാറുന്നതും ഒഴിവാക്കാനാണ് 2012ല്‍ അസാഞ്ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. തനിയ്ക്കെതിരായ ബലാത്സംഗ കേസ് വ്യാജമായ ആരോപണത്തിന്റെ പുറത്താണെന്നും അമേരിക്കയ്ക്ക തന്നെ കൈമാറാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നുമാണ് അസാഞ്ജ് പറയുന്നത്. താന്‍ ഒരര്‍ത്ഥത്തില്‍ തടവില്‍ തന്നെയാണെന്നും ആവശ്യമായ ചികിത്സയടക്കം തനിയ്ക്ക് നിഷേധിയ്ക്കപ്പെടുകയാണെന്നും ആസ്ട്രേലിയന്‍ പൗരനായ അസാഞ്ജ് യു.എന്‍ സമിതിയെ അറിയിച്ചിരുന്നു. അടുത്തിടെ ലൈംഗികാരോപണം സംബന്ധിച്ച കേസില്‍ അസാഞ്ജിനെ സ്വീഡന്‍ കുറ്റവിമുക്തനാക്കി.
എന്നാല്‍ സ്വീഡനിലേക്ക് മടങ്ങിയാല്‍ തന്നെ അമേരിക്കയ്‌ക്ക് കൈമാറുമെന്ന ഭയത്താല്‍ അസ്ഞ്ജ് ഇക്വഡോര്‍ എംബസിയില്‍ തന്നെ തുടര്‍ന്നു. ഇതിനിടയില്‍ തങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ചില്‍ ഇക്വഡോര്‍ അസാഞ്ജിന് രാഷ്ട്രീയ അഭയം പിന്‍വലിച്ചു.