Sat. Apr 20th, 2024
കോഴിക്കോട്:

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നേതൃത്വം കൊടുത്ത് ഇടതുമുന്നണി. രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ്സിനുമെതിരായി കര്‍ഷക വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കിസാന്‍ മാര്‍ച്ചിന് ഏപ്രില്‍ 12 ന് തുടക്കമാകും.

മഹാരാഷ്ട്രയിലെ കിസാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാവ് അശോക് ധാവ്‌ളെയും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സായിനാഥും മാര്‍ച്ചില്‍ പങ്കെടുക്കും. ഏപ്രില്‍ 12 ന് പുല്‍പ്പള്ളിയിലാണ് മാര്‍ച്ച് ആരംഭിക്കുക. കേന്ദ്രം ഭരിച്ച ബി.ജെ.പി-കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വികലമായ കാര്‍ഷിക നയങ്ങള്‍ മൂലം രാജ്യത്തെ കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് കിസാന്‍ മാര്‍ച്ചിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

അശോക് ധാവ്‌ളെയ്കും സായിനാഥിനും പുറമെ ഉത്തരേന്ത്യയിലെ കര്‍ഷക സമരങ്ങളുടെ നേതാക്കളും മലയാളികളായ വിജു കൃഷ്ണന്‍, കിസാന്‍ സഭ അഖിലേന്ത്യാ ട്രഷററും മുന്‍ ബത്തരി എം.എല്‍.എയുമായ പി. കൃഷ്ണ പ്രസാദ്, കാനം രാജേന്ദ്രന്‍, എം.വി ഗോവിന്ദന്‍ എന്നിവരും മാർച്ചിൽ പങ്കാളികളാവും. മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മാര്‍ച്ചിന് സ്വീകരണമുണ്ടാവും.

കല്‍പ്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രനും മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളുവും ഉള്‍പ്പടെയുള്ളവര്‍ മാര്‍ച്ച് നയിക്കും. ഇടത് സ്ഥാനാര്‍ത്ഥി പി.പി. സുനീറും മാര്‍ച്ചിന്റെ ഭാഗമാവും. രാഹുല്‍ ഗാന്ധിയുടെ ജനസമ്മിതിയെ നേരിടാന്‍ ഇത്തരത്തിലുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്താനാണ് ഇടതുമുന്നണി നീക്കം.

Leave a Reply

Your email address will not be published. Required fields are marked *