Mon. Dec 23rd, 2024
#ദിനസരികള് 724

അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളേയും വിദ്യാഭ്യാസ മേഖലയേയും ഒരുപോലെ നശിപ്പിക്കുമെന്ന് വിലയിരുത്തിക്കൊണ്ട് ഒരു സ്ഥാപനത്തിന്റെ അപേക്ഷയെ നിരസിച്ച ഹൈക്കോടതി വിധി ശ്രദ്ധിക്കേണ്ടതാണ്. സി.ബി.എസ്.സിയുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവന്ന ഒരു സ്കൂളിലെ കുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാനുള്ള അനുമതിയോ താല്കാലിക അഫിലിയേഷന്‍ നല്കാനുള്ള നിര്‍‌ദ്ദേശമോ ഉണ്ടാകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. എന്നാല്‍ കൂണുപോലെ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല, അധികാര കേന്ദ്രങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും നിലവാരം സംരക്ഷിച്ചുകൊണ്ടും മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കാന്‍ കഴിയുവെന്നാണ് ഹൈക്കോടതി തുടര്‍ന്ന് പറഞ്ഞത്.

പാമ്പാടി നെഹ്റു മെമ്മോറിയല്‍ കോളേജിലെ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് ഇടിമുറികളുള്ള വിദ്യാലയങ്ങളെക്കുറിച്ച് ഞെട്ടലോടെ നാം കേട്ടത്. ഓരോ മാനേജുമെന്റു സ്ഥാപനങ്ങളും കുട്ടികളെ പീഢിപ്പിക്കുന്നതിന് സവിശേഷമായ രീതികള്‍ അവലംബിച്ചു പോരുന്നതായി വെളിപ്പെടുത്തുന്ന സംഭവങ്ങളുടെ കുത്തൊഴുക്കുതന്നെ പിന്നീടുണ്ടായി. കുറെ സ്ഥലെമെടുക്കാനും കെട്ടിടങ്ങളുണ്ടാക്കാനുമുള്ള സാമ്പത്തിക സ്ഥിതിയും അധികാരികളെ വശത്താക്കാന്‍ ശേഷിയുമുള്ള ആര്‍ക്കും നടത്താന്‍ കഴിയുന്ന കച്ചവടമായി നമ്മുടെ വിദ്യാഭ്യാസരംഗം മാറിയിരിക്കുന്നുവെന്ന് പലരും പരിതപിക്കുന്നത് കേള്‍ക്കാറുണ്ട്. ഇന്ത്യക്കുതന്നെ മാതൃകയായി മാറിയ നമ്മുടെ ഈ മേഖല പക്ഷേ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം ഗുണനിലവാരമില്ലായ്മ തന്നെയാണ്.

സ്വകാര്യമേഖലയുടെ അനിയന്ത്രിതമായ കടന്നുകയറ്റം മുച്ചൂടും മുടിപ്പിച്ച വിദ്യാഭ്യാസരംഗത്തെ തിരിച്ചുപിടിക്കുകയെന്നത് ഏതൊരു സര്‍ക്കാറും വലിയ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട കടമയാണ്. അടുത്ത തലമുറയ്ക്ക് നമുക്ക് കൈമാറാനുള്ള വിലപ്പെട്ട മൂല്യങ്ങളിലൊന്ന് ഈ രംഗത്തെ ഗുണനിലവാരം തന്നെയാണ്. വിദ്യാഭ്യാസം പണമുണ്ടാക്കി സ്വന്തം ജീവിതനിലവാരം കാത്തുസംരക്ഷിക്കാനുള്ള കേവലമായ ഒരുപാധിയാണെന്ന ധാരണയ്ക്ക് വേരുറപ്പിക്കാനുള്ള അവസരങ്ങളാണ് പല സ്ഥാപനങ്ങളും സൃഷ്ടിച്ചെടുക്കുന്നത്.

കേരളം പൊതുവിദ്യാഭ്യാസരംഗത്തേക്ക് ശക്തമായി തിരിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ല്‍ 1,56,755 കുട്ടികളും 2018 ല്‍ 1, 84, 728 കുട്ടികളും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതലായി വന്നുചേര്‍ന്നു. സ്വകാര്യ മേഖലയേയും അവരുടെ സ്വേച്ഛാധിപത്യപരമായ നിലപാടുകളേയും ഗുണനിലവാരമില്ലായ്മയേയും നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍ കോടതികളെ കൂട്ടുപിടിച്ച് സാങ്കേതികമായി അനുമതി വാങ്ങി പ്രവര്‍ത്തിക്കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്നും കേരളത്തില്‍ നിലനില്ക്കുമ്പോള്‍ നമ്മുടെ കോടതികള്‍ കൂടുതല്‍ സജീവവും കാര്യക്ഷമവുമായി ഇടപെടുകതന്നെ വേണം. എന്നാല്‍ മാത്രമേ കുട്ടികളുടേയും രാജ്യത്തിന്റേയും ജനതയുടേയും ഭാവിയെ അപകടത്തില്‍പ്പെടുത്തുന്ന വിദ്യാഭ്യാസ കച്ചവടം എന്ന പ്രവണതയില്‍ നിന്നും നമ്മുടെ നാട് മോചിപ്പിക്കപ്പെടുകയുള്ളു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *