ന്യൂഡല്‍ഹി:
രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എസ്പിജി. അമേഠിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമാണ് രാഹുലിന്‍റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച ഏഴ് തവണയാണ് രാഹുലിന്‍റെ മുഖത്ത് ലേസര്‍ വെളിച്ചം പതിഞ്ഞത്. ഇതിന് പിന്നാലെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് തോക്കില്‍ നിന്നുള്ള വെളിച്ചമാണെന്ന നിഗമനത്തിലെത്തിയത്. ഇതോടെ കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതോടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എസ്പിജി ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു.
രാഹുല്‍ ഗാന്ധിക്ക് എസ്പിജിയാണ് നിലവില്‍ സുരക്ഷ നല്‍കുന്നത്. എന്നാല്‍ അദ്ദേഹം എത്തുന്ന സ്ഥലങ്ങളിലെ സുരക്ഷ സംസ്ഥാന പോലീസിന്‍റെ ചുമതലയില്‍ പെട്ടതാണ്. രാഹുലിനെ വധിക്കാന്‍ ലക്ഷ്യംവച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടായെന്ന ആരോപണം ഉണ്ടായത്.