ബ്രിട്ടൻ:
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ‘അതിയായ ഖേദം’ പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയാണ് 1919 ൽ ബ്രിട്ടീഷ് സൈന്യം നടത്തിയ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ‘അതിയായ ഖേദം’, പാർലമെന്‍റിൽ വച്ച് പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം ബ്രിട്ടണിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മ്മയാണ് നേരത്തെ മേശപ്പുറത്തുവെച്ചത്.
എന്നാൽ തെരേസ മേ വിഷയത്തിൽ മാപ്പ് പറയാതെ, കൂട്ടക്കൊലയിലും അതുമൂലമുണ്ടായ ക്ലേശത്തിനും തങ്ങൾ ആഴത്തിൽ ഖേദിക്കുന്നു എന്നാണ് അറിയിച്ചത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികം ഇന്ത്യൻ ജനത ഓർക്കുന്ന വേളയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഖേദ പ്രകടനം. ബ്രിട്ടന്റെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവ് ജെറെമി കോർബിൻ, പൂർണ്ണവും, വ്യക്തവും, അസന്ദിഗ്‌ദ്ധവുമായ മാപ്പപേക്ഷ പ്രധാനമന്ത്രിയിൽ നിന്നും ആവശ്യപ്പെട്ടെങ്കിലും, അതുണ്ടായില്ല.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്. ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്.