Sat. Apr 20th, 2024
കൊച്ചി:

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി കെ.എം. മാണി, വി.എസ്. അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ തുടര്‍ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ഇന്നലെ ഹര്‍ജികള്‍ പരിഗണനയ്‌ക്കെത്തിയപ്പോള്‍ കെ.എം. മാണി അന്തരിച്ചുവെന്ന വിവരം ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണു നടപടി അവസാനിപ്പിച്ചത്. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.

ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നും, തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവു തടയണമെന്നും ആവശ്യപ്പെട്ടാണു മാണി ഹര്‍ജി നല്‍കിയത്. നടപടി അവസാനിപ്പിക്കണമെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേസമയം, തുടരന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ചു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കണമെന്ന വിജിലന്‍സ് കോടതി വിധിയിലെ മറ്റൊരു ഭാഗം ചോദ്യം ചെയ്താണു വി.എസ്. അച്യുതാനന്ദനും ബിജു രമേശും ഹര്‍ജി നല്‍കിയത്. ഭേദഗതി നിലവില്‍ വരുംമുന്‍പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇത്തരം നിര്‍ദേശം നിയമപരമല്ലെന്ന് ഇവര്‍ വാദിച്ചു. കേസില്‍ മറ്റാര്‍ക്കെതിരെയും ആരോപണമില്ലാത്ത സാഹചര്യത്തില്‍ ഹര്‍ജികളില്‍ നടപടി തുടരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *