Wed. Nov 20th, 2024

 

സഹാരണ്‍പൂര്‍:

പശ്ചിമ യു.പിയിലെ സഹരണ്‍പൂരില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു തലേ ദിവസമാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സഹരണ്‍പൂരില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. പശ്ചിമ യു.പിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഭീം ആര്‍മി പ്രഖ്യാപനം എസ്. പി – ബി.എസ്.പി സഖ്യത്തിന്, പ്രത്യേകിച്ചു മായാവതിയുടെ ബി.എസ്.പി ക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

പരമ്പരാഗതമായി മായവതിയെ പിന്തുണയ്ക്കുന്നവരാണ് ഇപ്പോൾ കോൺഗ്രസിനൊപ്പം പോകുന്നത്. ഇതോടെ ദളിത് വോട്ടുകൾ കോൺഗ്രസിന് കൂടി കിട്ടുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഭീം ആർമിയുടെ നീക്കം ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന പശ്ചിമ യു.പി.യിലെ എട്ടുമണ്ഡലങ്ങളിൽ ബി.എസ്‌.പി.യുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും. യു.പി യിൽ നിന്ന് പരമാവധി സീറ്റുകൾ പിടിക്കുകയെന്ന എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പ്രതീക്ഷകൾക്കാണ് ഇത് തിരിച്ചടിയാകുന്നത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും, മായാവതിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതും ഭീം ആർമിയുടെ പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. രണ്ടു പേരും “ബി.ജെ.പി ഏജന്റുമാർ” ആണെന്ന് പരസ്പരം ആക്ഷേപം നടത്തിയിരുന്നു. മോദിക്കെതിരെ മത്സരിക്കാനിരുന്ന ചന്ദ്രശേഖർ ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഘടിക്കാതിരിക്കാനായി മത്സരത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചിരുന്നു.

2017ലെ ജാതി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ ആസാദ് അടക്കമുള്ള ഭീം ആര്‍മി നേതാക്കള്‍ 15 മാസത്തോളം ജയിലിൽ കിടന്നിരുന്നു. സഹരണ്‍പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദ് ആ സമയത്തു ഇടക്കിടെ ചന്ദ്രശേഖറിനെ സന്ദർശിക്കുകയും ഭീം ആർമി പ്രവർത്തകർക്ക് സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. ചന്ദ്രശേഖർ അസുഖബാധിതനായപ്പോൾ പ്രിയങ്ക ഗാന്ധിയും യു.പി. കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറും സന്ദർശിക്കുകയും ചെയ്തു. ഇതൊക്കെയാണ് ചന്ദ്രശേഖറെ കോൺഗ്രസുമായി അടുപ്പിച്ചത്.

സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റാലി പ്രഖ്യാപിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം മാറ്റുകയായിരുന്നുവെന്ന് ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് രോഹിത് രാജ് ഗൗതം പറഞ്ഞു.

യു.പി യിൽ എസ്.പി – ബി.എസ്.പി മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ്സ് ഒഴിവാകാൻ കാരണം ബി.എസ്‌.പി യായിരുന്നു. എൺപതു സീറ്റുകൾ ഉള്ള യു.പി യിൽ വെറും രണ്ടു സീറ്റുകൾ മാത്രമായിരുന്നു മഹാസഖ്യം കോൺഗ്രസ്സിന് വാഗ്ദ്ദാനം ചെയ്തത്. പത്തു സീറ്റെങ്കിലും ചോദിച്ച കോൺഗ്രസിനോട് രണ്ടിൽ കൂടുതൽ കൊടുക്കാനാകില്ലെന്ന് മായാവതി നിലപാട് എടുത്തു. ഇതിനെ അഖിലേഷ് യാദവും അനുകൂലിച്ചു. തുടർന്നായിരുന്നു പശ്ചിമ യു.പി യിൽ പ്രിയങ്ക ഗാന്ധിയെ തന്നെ രംഗത്തിറക്കി കോൺഗ്രസ്സ് ദളിത്, മുസ്‌ലിം വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ശ്രമം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *