Mon. Dec 23rd, 2024
മക്ക:

ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ 21 മലയാളികൾ പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് മക്കയിൽ കുടുങ്ങി. മൊത്തം 52 പേരടങ്ങുന്ന സംഘമാണ് തീര്‍ത്ഥാടനത്തിന് എത്തിയത്, ഇതിൽ 33 ഇന്ത്യക്കാരടങ്ങുന്ന സംഘം കുവൈത്തില്‍ നിന്നാണ് മക്കയിലെത്തിയത്. ഇന്ത്യക്കാരില്‍ 21 പേര്‍ മലയാളികളും മറ്റുള്ളവര്‍ ഇതര സംസ്ഥാനക്കാരുമാണ്.

കുവൈത്തില്‍ നിന്ന് ബസ് മാര്‍ഗം ആണ് സംഘം എത്തിയത്, ഇവര്‍ അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഹോട്ടലിലെത്തുകയും ഇവിടെ വെച്ച് ഓരോരുത്തരുടെയും കൈവശമുണ്ടായിരുന്ന പാസ്‍പോര്‍ട്ടുകള്‍ ഒരുമിച്ച് ഒരു ബാഗിലാക്കി ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. പാസ്പോർട്ട് ഹോട്ടല്‍ അധികൃതർക്ക് നൽകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. പിന്നീട് ഹോട്ടൽ അധികൃതരുടെ പക്കൽ നിന്നാണ് പാസ്പോര്‍ട്ടുകള്‍ നഷ്ടമാകുന്നത്. കുവൈത്തില്‍ വിവിധ തൊഴിലുകൾ ചെയ്യുന്ന ഇവർ ഏതാനും ദിവസത്തെ അവധിക്കാണ് മക്കയിലെത്തിയത്. എന്നാല്‍ പാസ്‍പോര്‍ട്ട് നഷ്ടമായതോടെ ഇവരുടെ മടക്കയാത്ര മുടങ്ങിയിരിക്കുകയാണ്. ജോലിയില്‍ തിരികെ പ്രവേശിക്കുന്നതടക്കമുള്ള കാര്യങ്ങളും ആശങ്കയിലാണ് .

തീർത്ഥാടകരിൽ പലരും പല ട്രാവല്‍ ഏജന്‍സികള്‍ വഴിയാണെത്തിയത്. ഏജന്‍സി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാനാവൂ. പ്രശ്നത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്. ഇന്ത്യൻ തീർത്ഥാടകർക്ക്, നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കാലാവധിയുള്ള താല്‍കാലിക പാസ്‍പോര്‍ട്ട് നല്‍കാനാണ് തീരുമാനം. എന്നാല്‍ പുതിയ പാസ്‍പോര്‍ട്ട് ലഭിച്ചാലും അതില്‍ കുവൈത്ത് വിസ പതിപ്പിച്ചാൽ മാത്രമേ ഇവര്‍ക്ക് തിരികെ പോകാനാവൂ. സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തുകയും അവിടെ നിന്ന് ഉംറ വിസയില്‍ മക്കയില്‍ വന്നവരും സംഘത്തിലുണ്ട്. പാസ്‍പോര്‍ട്ട് ഇല്ലാത്തതിനാല്‍ സൗദിയില്‍ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *