Sun. Dec 22nd, 2024
പത്തനംതിട്ട :

ഇടതു വലതു മുന്നണികളിൽ മാറി മാറി നിന്നിട്ടുള്ള പൂ​ഞ്ഞാ​ര്‍ എം.​എ​ൽ​.എ, പി.സി.ജോർജ്ജ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനായി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ യിൽ ചേർന്നു. ഇന്ന് നാല് മണിക്കാണ് പി.സി ജോർജ്ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ര്‍ എൻ.ഡി.എയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി.സി.ജോർജ്ജ് എന്‍.ഡി.എ പ്രവേശനം പ്രഖ്യാപിച്ചത്.

കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലും, റബ്ബർ കർഷകരുടെ പ്രശ്നത്തിലും ക​ര്‍​ഷ​ക​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത് ബി​.ജെ​.പിയാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ജ​ന​പ​ക്ഷം പാ​ർ​ട്ടി എ​ൻ.​ഡി.​എ​യ്ക്കൊ​പ്പം ചേ​രു​ന്ന​തെന്നും, പി.സി.ജോർജ്ജ് പ​റ​ഞ്ഞു. മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​.ഡി​.എ​യ്ക്കൊപ്പം ചേ​ർ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോർജ്ജ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ.​ഡി​.എ​യി​ല്‍ ചേ​രാ​നു​ള്ള തീ​രു​മാ​നം കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ര്‍ ഐ​ക​കണ്ഠ്യേ​ന​യെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് പി.സി.ജോർജ്ജ് വ്യക്തമാക്കിയിരുന്നു.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ പി.സി.ജോർജ്ജ് എൻ.ഡി.എ. പാളയത്തിലെത്തിയതോടെ പത്തനംതിട്ടയടക്കമുള്ള പ്രധാന മണ്ഡലങ്ങളിൽ വലിയ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എ. നേതൃത്വം. ജനപക്ഷം തങ്ങളുടെ മുന്നണിയുടെ ഭാഗമായതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയിൽ എൻ.ഡി.എ. സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ തിളക്കമാർന്ന വിജയം സ്വന്തമാക്കുമെന്നു കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കെ. സുരേന്ദ്രൻ 75,000 വോട്ടിന് വിജയിക്കുമെന്നാണ് പി.സി.ജോർജ്ജ് അവകാശപ്പെടുന്നത്. നേരത്തെ, ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണച്ച് പി.സി.ജോർജ്ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബി.ജെ.പി. എം.എല്‍.എ, ഒ. രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി.സിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തു.

തന്റെ സ്വതസിദ്ധമായ വിടുവായത്തങ്ങളിലൂടെ ഏറെ വിവാദം സൃഷ്ടിക്കാറുള്ള വ്യക്തിയാണ് പി.സി.ജോർജ്ജ്. എങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളെയും ഒറ്റക്ക് നിന്ന് തോൽപ്പിച്ചു കേരള രാഷ്ട്രീയത്തിൽ തന്നെ അദ്ദേഹം അത്ഭുതം സൃഷ്ടിച്ചിരുന്നു. ഇടക്കാലത്തു യു.ഡി.എഫിലേക്കു വീണ്ടും ചേക്കേറാൻ ശ്രമിച്ചെങ്കിലും ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ബി.ജെ.പിയുമായി ചേർന്ന് പുതിയ സഖ്യത്തിന് ജോർജ്ജ് തുടക്കമിടുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സ്വാധീന മേഖല ന്യൂനപക്ഷ കേന്ദ്രങ്ങൾ ആയതുകൊണ്ട് എത്ര മാത്രം അണികൾ അദ്ദേഹത്തോടൊപ്പം നിൽക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *