ന്യൂഡല്‍ഹി:
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുല്‍ പത്രിക നല്കുക. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. അതേസമയം, റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധി നാളെ പത്രിക നല്കും.
14 വര്‍ഷമായി രാഹുല്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. തുടര്‍ച്ചയായ രണ്ടാം തവണയും സ്മൃതി ഇറാനിയാണ് ബി.ജെ.പിക്കു വേണ്ടി രാഹുലിനെ എതിരിടുന്നത്. കഴിഞ്ഞ തവണ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു.
അമേഠിക്ക് പുറമെ രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ഏപ്രില്‍ 4 ന് ഇവിടെ രാഹുലും പ്രിയങ്കയുമെത്തി പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക സമര്‍പ്പിച്ചതിന് ശേഷം നടന്ന റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. പ്രധനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയോട് കാണിക്കുന്ന അവഗണനയും, വടക്കും തെക്കും ഒന്നാണെന്ന സന്ദേശം നല്കുന്നതിനുമായാണ് രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടി മത്സരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലാണ് വയനാട് തിരഞ്ഞെടുത്തത്.