പത്തനംതിട്ട:
പമ്പയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശബരിഗിരി ജല വൈദ്യുത പദ്ധതിയിലുള്‍പ്പെട്ട കല്ലാര്‍, കക്കി ഡാമുകളില്‍ നിന്ന് വേണ്ടത്ര വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളം തുറന്നുവിടാന്‍ സര്‍ക്കാരിനും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കണമെന്ന് വ്യക്തമാക്കി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
മാസപൂജയ്ക്കും വിഷു ഉത്സവത്തിനുമായി ഏപ്രില്‍ 10 നു നട തുറക്കുന്നതിനുമുമ്പ് നടപടി വേണമെന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചു പമ്പയിലെ തടയണയില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പമ്പയിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകും. വാട്ടര്‍ അതോറിട്ടിക്ക് പമ്പയിൽ നിന്ന് വെള്ളമെടുക്കാനും കഴിയും. പമ്പയെ ശുചീകരിക്കാന്‍ ഡാം തുറന്നുവിടുന്നതിന് ഡാം സുരക്ഷാ അതോറിട്ടിയുമായി ആലോചിച്ച് നടപടിയെടുക്കാന്‍ 2016 ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.