ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്ര മോദി സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു. പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതുവരെയാണ് ചിത്രത്തിന്റെ റിലീസ് വിലക്കിയത്. വ്യാഴാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്.
വ്യാഴാഴ്ച ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ചൊവ്വാഴ്ച ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിംഗ് തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ബുധനാഴ്ച പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുന്‍പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോംബെ ഹൈക്കോടതിയില്‍ നിലപാടെടുത്തു. ചിത്രത്തിന്റെ റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്നും കമ്മീഷന് കോടതിയെ അറിയിച്ചു.
സിനിമയുടെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ബോളിവുഡ് നടന് വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ മോദിയുടെ വേഷം അവതരിപ്പിക്കുന്നത്.