ന്യൂഡല്‍ഹി:
ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബി.ജെ.പിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്. നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോദി തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ നല്‍കിയ പരാതിയിലാണ് നടപടി.
അതേസമയം നമോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് നമോ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ പരാതികളെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ നമോ ടി.വി പരസ്യസംപ്രേക്ഷണത്തിനുള്ള ഡി.ടി.എച്ച്. സേവനദാതാക്കളുടെ പ്ലാറ്റ് ഫോം മാത്രമാണെന്നും നിലവിലുള്ള മാനദണ്ഡമനുസരിച്ച് മന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയുടെ ആവശ്യം ചാനലിനില്ലെന്നും കമ്മീഷനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ‘പി.എം. നരേന്ദ്ര മോദി’ എന്ന സിനിമ റിലീസ് ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്തിരുന്നത്.