“അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” എന്ന പേര് കേട്ടാൽ ആർക്കും അതിൽ ഒരു രാഷ്ട്രീയ ബന്ധം കാണാൻ സാധിക്കില്ല. ഏതെങ്കിലും ഒരു മാനേജ്‌മെന്റ് സ്ഥാപനം ആയിരിക്കും എന്നായിരിക്കും മിക്കവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക. ശരിയാണ് അതൊരു മാനേജ്‌മെന്റ് സ്ഥാപനമാണ്. ദേശീയ തലത്തിൽ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ രൂപഭാവങ്ങൾ നിശ്ചയിക്കുകയും അത് നിയന്ത്രിക്കുകയും ചെയ്യുന്ന രഹസ്യ തിരഞ്ഞെടുപ്പ് പ്രചാരണ കമ്പനിയാണത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രൊഫഷണലിസമാണ് ബി.ജെ.പി യെ മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള സോഷ്യല്‍ എഞ്ചിനിയറിംഗ് ആണു പുതിയ കാലത്തെ രാഷ്ട്രീയം. 2013 മുതലാണ് ബി.ജെ.പി ഡിജിറ്റൽ പ്രചാരണ രീതി ഇത്രയും വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്.
ബി.ജെ.പിയാണ് ഡാറ്റകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും, അതിനു വേണ്ടി വരുന്ന വിദഗ്ദ്ധരെ ശമ്പള അടിസ്ഥാനത്തിൽ നിയമിക്കാനും ആരംഭിച്ച ഇന്ത്യയിലെ ആദ്യ പാർട്ടി. അതുവരെയും സന്നദ്ധ പ്രവർത്തനമായിട്ടായിരുന്നു അണികൾ പാർട്ടികളെ ഡിജിറ്റൽ രംഗത്തു സഹായിച്ചിരുന്നത്.
അന്ന് ഗുജറാത്തു മുഖ്യമന്ത്രിയായ മോദിയെ ദേശീയ തലത്തിൽ ഉയർത്തികൊണ്ടുവന്നു പ്രധാനമന്ത്രിയായി അവരോധിക്കാൻ ബി.ജെ.പി ചുമതലപ്പെടുത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ചാണക്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശാന്ത് കിഷോറിനെ ആയിരുന്നു. വോട്ടർമാരുടെ ഡാറ്റ ബാങ്ക് ഉണ്ടാക്കുക, തിരഞ്ഞെടുപ്പ് ഗവേഷണങ്ങൾ നടത്തുക, പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുക തുടങ്ങിയവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ആദ്യകാലങ്ങളിൽ സാമൂഹിക മാധ്യമങ്ങളെ മാത്രം ആശ്രയിച്ചായിരുന്നു പ്രചാരണം മുന്നോട്ടു പോയിരുന്നത്.
പാർട്ടി ജനങ്ങളിലേക്കിറങ്ങി ചെന്ന് പ്രവർത്തിച്ചു വിശ്വാസം ആർജ്ജിക്കുക എന്ന പ്രശാന്ത് കിഷോറിന്റെ ആശയത്തിനു ചുവടുപിടിച്ചാണ് “സർവാനി ഫൌണ്ടേഷൻ” എന്ന വനിതാ സന്നദ്ധ സംഘടനക്കു ദേശീയ തലത്തിൽ ബി.ജെ.പി രൂപം കൊടുത്തത്. അഹമ്മദാബാദ് ആസ്ഥാനമാക്കിയായിരുന്നു സംഘടനയുടെ പ്രവർത്തനം. പക്ഷെ പ്രത്യക്ഷത്തിൽ ഇതൊരു ബി.ജെ.പി അനുകൂല സംഘടനയാണെന്ന് മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു സംഘടനയുടെ പ്രവർത്തനം. അതിന്റെ തലപ്പത്തുള്ളവർക്കു മാത്രമേ സംഘടനയുടെ ബി.ജെ.പി. ബന്ധം അറിയുമായിരുന്നുള്ളു. പ്രശാന്ത് കിഷോറിന്റെ ടീമിലെ ഗ്രാഫിക് ഡിസൈനറുടെ ഭാര്യയുടെയും, സഹോദരിയുടെയും പേരിലായിരുന്നു സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനും, പ്രത്യേകിച്ച് ആസിഡ് ആക്രമണങ്ങൾ നേരിട്ട സ്ത്രീകളുടെ ക്ഷേമങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു ആ വിശ്വാസം വോട്ടാക്കി മാറ്റുകയായിരുന്നു സംഘടനയുടെ ലക്‌ഷ്യം.
മോദി പ്രധാനമന്ത്രി ആയതോടെ ലക്‌ഷ്യം നേടുകയും, പ്രശാന്ത് കിഷോർ ബി.ജെ.പി. ക്യാമ്പ് വിട്ടുപോകുകയും ചെയ്തതോടെ ഏകദേശം മൂന്നു വർഷത്തോളം സർവാനി ഫൌണ്ടേഷൻ നിർജ്ജീവമായിരുന്നു. പിന്നീട് ബീഹാർ തിരഞ്ഞെടുപ്പിൽ വൻതോൽവി ഏറ്റുവാങ്ങിയപ്പോൾ ആയിരുന്നു “അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” എന്ന പേരിൽ ബി.ജെ.പി സംഘടനയെ പുനരുജ്ജീവിപ്പിച്ചത്.
“അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്”
വളരെയേറെ ആസൂത്രണ മികവോടെ ആയിരുന്നു സംഘടനയുടെ തിരിച്ചു വരവ്. ബിസിനസുകാരനായ ദീപക് പട്ടേൽ, മക്കിൻസി കൺസൽറ്റൻസിയിൽ ജോലി ചെയ്തിരുന്ന ഹിമാൻഷു സിങ് എന്നിവരുടെ നേതൃത്വത്തിൽ നൂറു കണക്കിന് ഐ.ഐ.ടി. എൻജിനീയർമാരും മറ്റു പ്രൊഫഷണൽസും ചേർന്ന വലിയൊരു ബി.ജെ.പി. അനുകൂല ബൗദ്ധിക കൂട്ടായ്മയായി “അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” വളർന്നത് ശരവേഗത്തിലായിരുന്നു. സെലിബ്രിറ്റികളുടെ ഒരു വൻ നിരയെയും തിരഞ്ഞെടുപ്പ് പോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സമർത്ഥമായി ഉപയോഗിക്കാൻ സംഘടന ഒരുക്കി നിർത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ സേവാഗും, ഗംഭീറും, ജഡേജയും, സിനിമ താരങ്ങളായ അക്ഷയ് കുമാറും, ഹേമമാലിനിയും, ജയപ്രദയും തുടങ്ങിയ വൻ താരനിരകൾ നിർണ്ണായക സമയത്തു സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെ ബി.ജെ.പിക്ക് ഊർജ്ജം പകരാറുണ്ട്.
ഏകദേശം നാല്‍പത് കോടിയിലധികം പേര്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കുന്ന ഇന്ത്യയില്‍ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംഘടിതമായി നുഴഞ്ഞു കയറി ആശയ പ്രചരണം നടത്തുന്ന, ഒരു സമൂഹത്തിന്റെ പൊതുബോധത്തെ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന, അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന തരത്തിലുള്ള ഒരു സോഷ്യല്‍ എഞ്ചിനീയറിംഗ് നടപ്പിൽ വരുത്തുക എന്നതാണ് “അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” ലക്‌ഷ്യം വെക്കുന്നത്. യുവാക്കളെ, പ്രത്യേകിച്ച് പുതിയ വോട്ടർമാരെ എളുപ്പത്തിൽ ബി.ജെ.പിക്കു സ്വാധീനിക്കാൻ കഴിയുന്നതും ഡിജിറ്റൽ പ്രചാരണ രംഗത്തു അവർ നടത്തുന്ന ഇത്തരം പദ്ധതികളിലൂടെയാണ്.
പഴയകാല മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകൾക്ക് വഴിമാറിയപ്പോൾ ഇന്റർനെറ്റ് ഉപയോഗം താരതമ്യേന വളരെ ലളിതമായ രീതിയിൽ മൊബൈലുകളിലും ലഭ്യമായി. സ്വാഭാവികമായും ചെറുപ്പക്കാരാണ് ഇന്റർനെറ്റ് സൗകര്യങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.അത്തരം ചെറുപ്പക്കാർ ബി.ജെ.പി യുടെ ന്യൂ ജനറേഷൻ പ്രചാരണ രീതികളിൽ എളുപ്പത്തിൽ ആകൃഷ്ടരാകുന്നു. സോഷ്യൽ മീഡിയ എന്നത് ഇന്ന് സാമൂഹിക ജീവിതത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഭാഗവുമായിരിക്കുന്നു. ഇതിന്റെ അനന്ത സാദ്ധ്യതകൾ എതിരാളികളേക്കാൾ വേഗത്തിൽ തിരിച്ചറിഞ്ഞ ബി.ജെ.പി വ്യക്തമായ ആസൂത്രണത്തോടെയാണ് അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സിനെ നിഷ്പക്ഷതയുടെ മുഖംമൂടി അണിയിച്ചു ജനങ്ങളിലേക്ക് ഇറക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ തമ്മിലുള്ള ഇടവേളകളിൽ സ്ലീപ്പിങ് സെല്ലുകളായി മാറുന്ന “അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെയുള്ള നിർണ്ണായക ദിനങ്ങളിൽ വ്യാപകമായ രീതിയിൽ വർഗ്ഗീയ വിഘടനവാദങ്ങൾ പ്രചരിപ്പിച്ചു ബി.ജെ.പിക്കു മേൽക്കൈ ഉണ്ടാക്കുന്ന രീതിയാണ് അവലംബിച്ചു വരുന്നത്. അപ്പോളും ബി.ജെ.പി ഒരിക്കലും അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സിനെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടിരുന്നു. “ഇന്ത്യ ടുഡേ” സംഘടിപ്പിച്ച ചടങ്ങിൽ എ.ബി.എമ്മിനെ കുറിച്ച് അറിയില്ലെന്നാണ് ബി.ജെ.പി യുടെ ഐ.ടി. സെൽ മേധാവി അമിത് മാളവ്യ പറഞ്ഞത്.
ഇന്ത്യയിലൊട്ടാകെ 12 ഓഫീസുകളിൽ 161 മുഴുവൻ സമയ ജോലിക്കാരുമായാണ് എ.ബി.എം. പ്രവർത്തിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ പ്രതികരണങ്ങൾ ക്രോഡീകരിക്കുക, സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുക, “അമിത് ഷാ ടീം” എന്ന പേരിലുള്ള ശമ്പളം വാങ്ങി പ്രവർത്തിക്കുന്ന കേഡറുകളെ നിയന്ത്രിക്കുക തുടങ്ങിയ ജോലികളൊക്കെ എ.ബി.എമ്മിന്റെ പ്രവർത്തന പരിധിയിൽ വരും. മേം ഭി ചൗക്കിദാർ, നേഷൻ വിത്ത് നമോ, ഭാരത് കി മൻ കി ബാത്ത്” തുടങ്ങിയ മോദി പ്രചാരണ പരിപാടികളുടെ ഡിസൈനും, നിർമ്മാണവും പിന്നീട് അതിന്റെ സോഷ്യൽ മീഡിയ പ്രചാരണവും എ.ബി.എം. തന്നെയാണ് ചെയ്യുന്നത്.
ബി.ജെ.പി ക്കുവേണ്ടി എ.ബി.എം കൈകാര്യം ചെയ്യുന്ന പ്രമുഖ ഫേസ്‌ബുക്ക് പേജുകൾ :
1)ഭാരത് കി മൻ കി ബാത്ത് (3 ലക്ഷം ലൈക്ക്)
2)നേഷൻ വിത്ത് നമോ (11 ലക്ഷം ലൈക്ക്)
3)ഫിർ ഏക് ബാർ മോഡി സർക്കാർ (27 ലക്ഷം ലൈക്ക്)
4)മഹാതുഗ്‌ബന്ധൻ (4 .8 ലക്ഷം ലൈക്ക്)
5)ഇന്ത്യ അൺറാവെൽഡ് (1 .5 ലക്ഷം ലൈക്ക്)
6)മൈ ഫസ്റ്റ് വോട്ട് ഫോർ മോദി (74000 ലൈക്ക്)
ബി.ജെ.പി യുടെ നുണ ഫാക്ടറി :
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നാലോളം കൃത്രിമ വീഡിയോകളാണ് എ.ബി.എമ്മിന്റെ “നേഷൻ വിത് നമോ” എന്ന പേജിലൂടെ പ്രചരിപ്പിച്ചത്. അത്തരം വീഡിയോകൾ പതിനായിരങ്ങൾ ഷെയർ ചെയ്യുകയും ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും ചെയ്തിരുന്നു.
2018 കർണ്ണാടക തിരഞ്ഞെടുപ്പിന് മുന്നേ പ്രഥമ ദൃഷ്ട്യാ ന്യൂസ് പേപ്പർ വെബ്‌സൈറ്റുകൾ ആണെന്ന് തോന്നിക്കുന്ന bangaloreherald.in , bangaloremirror.in എന്നീ വെബ്‌സൈറ്റുകൾ ഉണ്ടാക്കി കർണ്ണാടകയിൽ ബി.ജെ.പിക്കു ഗംഭീര വിജയം പ്രവചിച്ചുള്ള വ്യാജ സർവേകൾ ഉണ്ടാക്കാനും എ.ബി.എം. മടിച്ചിരുന്നില്ല. ഈ സർവേകൾ പിന്നീട് പത്തുലക്ഷം ഫോളോവെഴ്‌സുള്ള ‘ഭാരത് പോസിറ്റീവ്’ എന്ന ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചതായി നിരീക്ഷണ വെബ്സൈറ്റായ ‘ബൂം ലൈവ്’ കണ്ടെത്തിയിരുന്നു. വ്യാജ വാർത്തകൾ ഷെയർ ചെയ്തു ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഫേസ്‌ബുക്ക് പേജാണ് ‘ഭാരത് പോസിറ്റീവ്’. ബലാൽസംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് കൊടുത്ത സർക്കാർ ധനസഹായം മോദി വിരുദ്ധയായ ഷെഹ്ല റഷീദ് അടിച്ചു മാറ്റി എന്ന് ഭാരത് പോസിറ്റീവ് വ്യാജ പ്രചാരണം നടത്തിയിരുന്നു. മുൻ എ.ബി.എം ജീവനക്കാരനായിരുന്ന നിഖിൽ മെഹ്‌റ 2017 ഇത് തുടങ്ങിയതായിരുന്നു ഭാരത് പോസിറ്റീവ്. പിന്നീട് എ.ബി.എം ആ പേജ് ഏറ്റെടുത്തു മുകുൾ ജിൻഡാൽ എന്ന എ.ബി.എം ജീവനക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു.
“അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” മാത്രമല്ല ബി.ജെ.പി ക്കു വേണ്ടി ഇത്തരുണത്തിൽ പ്രവർത്തിക്കുന്നത്. ധാരാളം സംഘടനകൾ വേറെയുമുണ്ട്. പക്ഷെ ഏറ്റവും സംഘടിതവും, രഹസ്യ സ്വാഭാവത്തോടെയും, ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായോട് ഏറ്റവും അടുത്ത ബന്ധവും പുലർത്തുന്നത് “അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” മാത്രമാണെന്ന് കാണാം.
‘അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സിന്റെ’ സാമ്പത്തിക സ്രോതസ്സുകൾ ഇനിയും അജ്ഞാതമാണ്. ബി.ജെ.പി ക്കു വേണ്ടി പ്രചാരണ രംഗത്തു ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്ന തിരഞ്ഞെടുപ്പ് ചിലവ് പട്ടികയിൽ എ.ബി.എമ്മിന്റെ പേര് ഒരിക്കലും ബി.ജെ.പി കാണിക്കാറില്ല. എ.ബി.എം കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമർപ്പിക്കുന്ന വാർഷിക കണക്കുകളും അപൂർണ്ണമാണ്. എന്നിരുന്നാലും അധികാരത്തിലുള്ള ബി.ജെ.പി യുടെ നിർലോഭമായ ഫണ്ട് ഒഴുക്കൽ തന്നെയാണ് എ.ബി.എമ്മിനെ നയിക്കുന്നതെന്ന് സുവ്യക്തമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് ബി.ജെ.പിയാണെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഫെയ്‌സ്ബുക്കും ഗൂഗിളും പുറത്തുവിട്ട ‘ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫെയ്‌സ്ബുക്കില്‍ 7.75 കോടി രൂപയും ഗൂഗിളില്‍ 1.21 കോടി രൂപയുമാണ് ബി.ജെ.പി പരസ്യത്തിനായി ചെലവാക്കിയത്. ഇതിലും എത്രയോ അധികമായിരിക്കും എ.ബി.എം പോലുള്ള സ്ഥാപനങ്ങൾ വഴി പരോക്ഷമായി ബി.ജെ.പി പ്രചാരണങ്ങൾക്ക് ഇറക്കിയിരിക്കുക.
നവീന മാധ്യമ രംഗത്തു എന്ന പോലെ ദേശീയ ചാനലുകളുടെ പകുതിയിലധികം ബി.ജെ.പിയുടെ പരോക്ഷ നിയന്ത്രണത്തിലാണ്. അതിനാൽ തന്നെ കേന്ദ്ര സർക്കാരിനെ പല കാര്യങ്ങളിലും വാഴ്ത്താനും, തെറ്റുകളെ വെള്ള പൂശാനും, നെഗറ്റീവായി വരുന്ന വാർത്തകൾ മുക്കാനും ബി.ജെ.പി ദേശീയ മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നത് വസ്തുതയാണ്. മാധ്യമങ്ങളെയും സോഷ്യൽ മീഡിയകളെയും കൂടുതൽ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ബി.ജെ.പിക്കു വോട്ടു ചെയ്യുന്നതായും, ഇന്റർനെറ്റ് ഉപയോഗങ്ങൾ താരതമ്യേന കുറവ് നടത്തുന്നവർ മറ്റു പാർട്ടികൾക്ക് വോട്ടു ചെയ്യുന്നതായും തിരഞ്ഞെടുപ്പ് സർവേകളിൽ തെളിഞ്ഞിട്ടുള്ളതാണ്.
സോഷ്യൽ മീഡിയ കമ്പനികളെ പോലും ബി.ജെ.പി. വിലക്കെടുത്തിരിക്കുകയാണ്. നോട്ടു നിരോധനത്തെ കൃത്യമായി പൊളിച്ച ജെയിംസ് വിത്സന്റെ ഐ.ഡി. ട്വിറ്റര്‍ സെര്‍ച്ചുകളില്‍ നിന്ന് അപ്രത്യക്ഷമായത് വെറുതെയായിരുന്നില്ല. ഒപ്പം ട്വിറ്റർ വഴി വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത മാധ്യമ പ്രവര്‍ത്തകയുടെ ബാന്‍ ഒരു രാത്രികൊണ്ട് പുനഃസ്ഥാപിക്കപ്പെട്ടതും അടക്കം ഇത്തരം സോഷ്യല്‍ മീഡിയ കമ്പനികളുമായി ബി.ജെ.പി. ഉന്നത തലത്തില്‍ നടത്തുന്ന ഇടപാടുകള്‍ ഈ മാധ്യമങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്.
ബി.ജെ.പി. എന്നാൽ അതൊരു സംഘ പരിവാർ പോഷക സംഘടനയാണ്. സംഘപരിവാറിന്റെ പാർലിമെന്ററി രാഷ്ട്രീയ മുഖം മാത്രമാണ് ബി.ജെ.പി. അതിനാൽ സംഘപരിവാർ തന്നെയാണ് തങ്ങളുടെ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കുന്നതിനു മാധ്യമങ്ങളെ ദുരുപയോഗിക്കുന്നതിനു പിന്നിലെ യഥാർത്ഥ പ്രേരക ശക്തി. അതിനാൽ തന്നെ “അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” പോലെ പ്രത്യക്ഷത്തിൽ നിരുപദ്രവമായി തോന്നുന്ന സംഘടനകളുടെ കെണിയിൽ വീഴാതെ ജനാധിപത്യം സംരക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരനും ജാഗരൂകരാകേണ്ടതുണ്ട്.