Mon. Dec 23rd, 2024
ഗുവാഹത്തി:

രാജ്യത്ത് വീണ്ടും ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം. അസ്സമിലെ ഗുവാഹത്തിയില്‍ ബീഫ് വിറ്റുവെന്നും, കൈവശം വെച്ചെന്നും ആരോപിച്ച് മുസ്ലീം വൃദ്ധനെ ആക്രമിക്കുകയും അദ്ദേഹത്തെ പന്നി മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം.

68 കാരനായ ഷൗക്കത്ത് അലിക്കാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ബിശ്വനാഥ് ചരിയാലിയില്‍ കഴിഞ്ഞ 35 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാളാണ് ഷൗക്കത്ത് അലി. പോലീസെത്തിയാണ് ഇയാളെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

വീഡിയോ പരിശോധിച്ച് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബീഫ് വിറ്റതിനുള്ള ശിക്ഷയായിട്ടാണ് വൃദ്ധനെ പന്നി മാംസം തീറ്റിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൗക്കത്ത് അലിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങള്‍ ബംഗ്ലാദേശിയല്ലേ, ഇന്ത്യന്‍ പൗരത്വ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ, ബീഫ് വില്‍ക്കാന്‍ ലൈസന്‍സ് ഉണ്ടോ എന്നൊക്കെ ആക്രോശിച്ചാണ് അക്രമികള്‍ ഷൗകത്തലിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഷൗക്കത്ത് അലിയുടെ സഹോദരന്റെ പരാതിയില്‍ രണ്ടു കേസുകള്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അസാമില്‍ ബീഫ് വില്‍പന ഔദ്യോഗികമായി നിരോധിച്ചിട്ടില്ല. കൊക്രാജറിലെ മുസ്ലീങ്ങളല്ലാത്ത പത്ത് വിവിധ സമുദായങ്ങള്‍ ബീഫ് കഴിക്കുന്നവരാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് വിദ്വേഷ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വൃദ്ധനെതിരെ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *