ലക്‌നൗ:
തിരഞ്ഞെടുപ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കൊടിയ വേനലിനെ അവഗണിച്ചും സ്ഥാനാർത്ഥികളുടെ പ്രചരണം പൊടിപൊടിക്കുകയാണ്. എല്ലാ വോട്ടർമാരെക്കൊണ്ടും വോട്ട് ചെയ്യിപ്പിക്കാനായും തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള അവബോധം കൊണ്ടുവരാനും വേണ്ടി പാർട്ടികളുടെയും, തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റു സാമൂഹിക സംഘടനകളുടെയു നേതൃത്വത്തിൽ ഒട്ടനവധി പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. വോട്ടിനു കുപ്പിയെന്ന പഴയ തന്ത്രവും ചിലരെങ്കിലും രഹസ്യമായി പയറ്റുന്നുണ്ടാവും.
എന്നാലിതാ, തിരഞ്ഞെടുപ്പിൽ എല്ലാവരെയും വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കോളേജ് കുട്ടികൾക്ക് ഫ്രീ ആയിട്ട് മാർക്ക് നൽകുകയാണ്. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ക്രൈസ്റ്റ് കോളേജാണ് മാതാപിതാക്കളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ കുട്ടികൾക്ക് പത്തു മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതാവട്ടെ കോളേജിന്റെ മുൻ ഗേറ്റിൽ ബാനറായും ഉയർത്തിയിട്ടുണ്ട്.
“വോട്ടവകാശം നമ്മുടെ വ്യക്തിത്വത്തെ രാജ്യത്തിന് വേണ്ടി പ്രതിഫലിപ്പിക്കുന്ന പ്രക്രിയയാണ്. അതിൽ എല്ലാ വോട്ടർമാരും വിട്ടു വീഴ്ചയില്ലാതെ പങ്കാളികളാവണം. മാതാപിതാക്കളെക്കൊണ്ട് വോട്ടു ചെയ്യിപ്പിക്കുന്ന കുട്ടികൾക്ക് വരുന്ന പരീക്ഷയിൽ പത്തു മാർക്ക് അധികം നൽകുന്നതാണ്.” ബാനറിൽ എഴുതിയിരിക്കുന്നു. സ്കൂളിലെ പ്രിൻസിപ്പൽ ആയ ആർ. കെ ചാത്രി വിദ്യാർത്ഥികളെ ഈ കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിൽ, പോളിംഗ് വർദ്ധനവിനു വേണ്ടി ഇവിടുത്തെ പല സ്കൂളുകളും മാർച്ചുകളും, ക്യാമ്പയിനുകളും, പോസ്റ്റർ രചന മത്സരമുൾപ്പെടെ നിരവധി മത്സരങ്ങൾ കൂടെ നടത്തുന്നുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിൽ 58.44 % ആയിരുന്നു ഇവിടുത്തെ പോളിങ് .