ന്യൂഡൽഹി:
തിരിഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി . ഇതു സംബന്ധിച്ച് ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ സെക്രട്ടറിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു. റെയ്ഡിനെ കുറിച്ച് വിശദീകരിക്കാന്‍ റെവന്യൂ സെക്രട്ടറി എ. ബി. പാണ്ഡേ, സി.ഡി.ബി.ടി ബോർഡ് ചെയര്‍മാന്‍ പി. സി. മോഡി എന്നിവര്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
റെയ്ഡുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദായ നികുതി വകുപ്പിന് കർശന നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് സമയത്ത് പുലർത്തേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ധനകാര്യ വകുപ്പിനോടും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ സഹായികളുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നിർദ്ദേശം. സഹായികളുടെ വീടുകളിൽ നടത്തുന്ന പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്.
കഴിഞ്ഞയാഴ്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി എച്ച്. ഡി. കുമാര സ്വാമിയുടെ ആരോപണം. പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ വീടുകളിലെ ആദായ നികുതി വകുപ്പ് പരിശോധന.
തിരഞ്ഞെടുപ്പിന് മുമ്പ് ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. പ്രതിപക്ഷ പാർട്ടി നേതാക്കളായ ബഹുജൻ സമാജ് വാദി പാർട്ടിയുടെ മായാവതി, കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് എന്നിവർക്കെതിരെയാണ് ആദായനികുതി വകുപ്പിന്റെ നീക്കം.
അതേസമയം, തിരഞ്ഞെടുപ്പ് സമയത്തു നടത്തുന്ന ഇത്തരം റെയ്ഡുകൾ ‘വേർതിരിവ് ഇല്ലാത്താകണമെന്നും’ ‘പക്ഷപാതരഹിതമായിരിക്കണമെന്നും’ ഞായറാഴ്ച കമ്മിഷൻ ധനമന്ത്രാലയത്തിന് കർശന നിർദേശം നൽകിയിരുന്നു. ഭാവിയിലെ അത്തരം നടപടികളെക്കുറിച്ചു കമ്മിഷനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, റെയ്ഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. “കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന് അവർ പറയുകയാണ്. എന്നാൽ അടുത്തിടെ നമ്മൾ കണ്ടു, എത്ര പെട്ടി പണമാണ് മധ്യപ്രദേശിൽനിന്നു കണ്ടെടുത്തതെന്ന്. ഇനി ഞാൻ ചോദിക്കട്ടെ, ആരാണ് യഥാർഥ ‘ചോർ’ (കള്ളന്‍)?” – മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 281 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
മാർച്ച് 10നാണ് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നത്. അതിനു പിന്നാലെ രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെയും അവരുടെ അടുപ്പക്കാരുടെയും വീടുകളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഇതേക്കുറിച്ച് പ്രതിപക്ഷം വിമർശിക്കുന്നത്.