പാലാ:
കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ ഫ്രാങ്കൊയ്ക്കെതിരെ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് ഉള്ളത്.
മൂന്നു മാസത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 21 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത് പ്രതിയായ ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്. പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകിപ്പിച്ചതില്‍ പ്രതിഷേധിച്ച് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു.
നിലവില്‍, ബിഷപ്പിനെതിരെ അന്യായമായി തടഞ്ഞു വച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.