ന്യൂഡൽഹി:
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ 50 ശതമാനം വിവിപാറ്റുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. എന്നാല്‍ ഹര്‍ജിക്കാരുടെ വാദം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയെ അറിയിച്ചത്. 400 പോളിംഗ് സ്റ്റേഷനുകള്‍ വരെയുള്ള മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒന്‍പതു ദിവസമെങ്കിലും വേണ്ടിവരുമെന്നുമാണ് കമ്മീഷന്റെ നിലപാട്. ഇതോടെ ഫലപ്രഖ്യാപനം വൈകുമെന്നും മുന്‍കൂട്ടി നിശ്ചയിച്ച മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനാവില്ലെന്നും കമ്മീഷന്‍ പറയുന്നു.
എന്നാല്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്നു ദിവസം മാത്രമുള്ളതിനാല്‍ കേസില്‍ കോടതി ഇന്ന് അടിയന്തരമായി തീരുമാനം കൈക്കൊള്ളും. എ.എ.പിയും ടി.ഡി.പിയുമടക്കമുള്ള 21 പാര്‍ട്ടികളാണ് ഹര്‍ജിക്കാര്‍.