Mon. Dec 23rd, 2024
ദമാം:

സൗദിയിൽ ബിനാമി ബിസിനസ് തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ബിനാമി ബിസിനസ്സിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം. ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്ന പിഴയുടെ 30% വരെ ബിനാമി ബിസിനസ്സിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ഇങ്ങനെ നൽകുന്ന പാരിതോഷിക തുകയുടെ പരിധിയാണ് ഇപ്പോൾ പത്തു ലക്ഷം റിയാലാക്കി ഉയർത്തിയിരിക്കുന്നത്‌. വിവരം നൽകുന്ന ബിനാമി സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്‌ പ്രതിഫലവും ഉയരും. സ്വദേശികളുടെ മറവിൽ വിദേശികൾ ബിസിനസ് സ്ഥാപനങ്ങൾ നടത്തിവരുന്നത് വിപണിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ബിനാമി ബിസിനസ് തടയാൻ വാണിജ്യ നിക്ഷേപ മന്ത്രാലയം ഈ നടപടി ആരംഭിച്ചിരിക്കുന്നത്.

സൗദിയിൽ ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി നിയോഗിച്ച സർക്കാർ സമിതി സമർപ്പിച്ച ശുപാർശ ഭരണാധികാരി സൽമാൻ രാജാവ് അംഗീകരിച്ചിരുന്നു. ഇതോടൊപ്പം ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ഒരു പരിധിക്കപ്പുറം വിദേശത്തേക്ക് പണം ഒഴുകുന്നതിനുള്ള സാധ്യത തടഞ്ഞു സാമ്പത്തിക ക്രയ വിക്രയങ്ങൾക്ക് ഒരു സംവിധാനമുണ്ടാക്കുന്നതിനും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *