ലണ്ടൻ:
സാമ്പത്തികത്തട്ടിപ്പു കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിജയ് മല്യ നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് മല്യയുടെ ഹർജി തള്ളിയത്. സാമ്പത്തികത്തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ വിജയ് മല്യയെ കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, വിദേശ വിനിമയ നിയന്ത്രണ നിയമ ലംഘനം എന്നീ കുറ്റകൃത്യങ്ങളിൽ സി.ബി.ഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി തിരികെ നൽകണമെന്ന് യുണൈറ്റഡ് കിങ്ഡത്തോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് വിജയ് മല്യയെ കൈമാറാനുള്ള അനുമതി യു.കെ. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നൽകിയ ഹർജിയാണ് വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 3000ത്തോളം കോടി രൂപ വയ്പ്പ് എടുത്ത് ബ്രിട്ടനിലേക്ക് കടന്ന് കളഞ്ഞ വിജയ് മല്യയെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനുമേൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദം ഉണ്ടായിരുന്നു.