Fri. Apr 26th, 2024

സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ടെൻഷനാണ് ബാറ്ററി. ഉപയോഗിക്കുംതോറും കുറഞ്ഞു വരുന്ന ബാറ്ററി ചാർജ് നിലനിർത്താൻ പലരും കഷ്ടപ്പെടാറുണ്ട്. ചാർജിങ് സൈക്കിളിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ ലൈഫ് തീരുമാനിക്കപ്പെടുന്നത്. എന്നാലിതാ ചാർജ് നിലനിർത്തുന്നതിനായി ചില മാർഗങ്ങൾ.

*ഫോണിന്റെ വൈബ്രേഷൻ ഒഴിവാക്കുക

പലരും റിങ് ടോണിന്റെ കൂടെയും, അലാം ടോണിന്റെ കൂടെയും, കീ ബോർഡിലും വൈബ്രേഷൻ ഇടാറുണ്ട്. ഇത് ബാറ്ററി ചാർജിനെ ബാധിക്കുന്ന കാര്യമാണ്. ആ ശീലം ഒഴിവാക്കുമ്പോൾ ഒരു വലിയ ശതമാനത്തോളം ചാർജ് ലാഭിക്കാം.

*ബ്രൈറ്റ്നസ് അഡ്ജസ്റ്റ് ചെയ്യാം

പലരുടെയും ഫോണിൽ ഓട്ടോ ബ്രൈറ്റ്നസ് ആയിരിക്കാം സെറ്റ് ചെയ്തത്. അത് മാറ്റിയിട്ട് സന്ദർഭങ്ങൾക്കനുസരിച്ച് ബ്രൈറ്റ്നസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. ഇത് കണ്ണിന്റെ ആരോഗ്യത്തിനും കൂടെ നല്ലതാണ്.

*കുറഞ്ഞ സ്ക്രീൻ ഔട്ട് ടൈം സെറ്റ് ചെയ്യാം

പലപ്പോഴും നമ്മൾ അബദ്ധത്തിൽ ഫോണിലെ സ്ക്രീൻ ഓഫ് ചെയ്യാൻ മറന്നവരായിരിക്കും. ഒരു പത്തു മിനിറ്റ് അങ്ങനെ വെക്കുമ്പോഴേക്കും ചാർജ് തീരാൻ തുടങ്ങിയിട്ടുണ്ടാവും. ആ അബദ്ധമൊഴിവാക്കാൻ, സ്ക്രീൻ ഔട്ട് ടൈം ഏറ്റവും മിനിമം ആയി സെറ്റ് ചെയ്യുക.

*വൈഫൈയും ബ്ലൂ ടൂത്തും ആവശ്യത്തിന് മാത്രം

ആവശ്യമില്ലാത്ത സമയത്ത് ബ്ലൂ ടൂത്തോ വൈഫൈയോ ഓൺ ആക്കുമ്പോൾ ചെറിയ ശതമാനം ചാർജ് തീരുന്നുണ്ട്. ആവശ്യം വരുമ്പോൾ മാത്രം ഓൺ ചെയ്യുകയും ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യുകയും ചെയ്യുക.

*ലോക്കേഷൻ സർവീസും ആവശ്യത്തിന് മതി

ലൊക്കേഷൻ സർവീസുകളാണ് ചാർജ് വലിച്ചെടുക്കുന്ന മറ്റൊരു പ്രധാന ഫീച്ചർ. ഇവയും ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യുമ്പോൾ ചാർജ് സേവ് ചെയ്യാം.

*അനാവശ്യ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാം

ഫോണിലെ എല്ലാ ആപ്ലിക്കേഷനിൽ നിന്നും പല പല നോട്ടിഫിക്കേഷനുകൾ വരാറുണ്ട്. അവയിൽ ആവശ്യമില്ലാത്തവയുണ്ടാവാം. അത്തരം ആപ്പുകളുടെ നോട്ടിഫിക്കേഷൻ സെറ്റിങ്സിൽ പോയി ഓഫ് ചെയ്യുക.

*ഫോണിലെ പവർ സേവിങ് മോഡ് ഉപയോഗിക്കുക

എല്ലാ സ്മാർട്ട് ഫോണിലും പവർ സേവിങ്സ് മോഡ് ഉണ്ടാവും. സന്ദർഭത്തിനനുസരിച്ച് അവ ഉപയോഗിക്കാം.

*ചാർജ് തീരാൻ അനുവദിക്കരുത്

ഒരിക്കലും ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയ ശേഷം ചാർജ് ചെയ്യാൻ നിൽക്കരുത്. ഫോണിന്റെ ബാറ്ററികപ്പാസിറ്റി അനുസരിച്ചു നേരത്തെ തന്നെ ചാർജ് ചെയ്ത് സൂക്ഷിക്കുക.

*പവർ ബാങ്ക് ആവശ്യത്തിന് മാത്രം

ആവശ്യ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാനാണ് പവർ ബാങ്ക്. അതൊരു ശീലമാക്കുന്നതും ഫോൺ ബാറ്ററിയെ ബാധിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *