ഡല്‍ഹി:
ഗുരുഗ്രാമില്‍, ചൈത്ര നവരാത്രി ആഘോഷത്തിന്റെ പേരില്‍ ഇറച്ചിക്കടകള്‍ക്ക് നേരെ അക്രമം. കടകള്‍ ബലമായി അക്രമിച്ച് അടപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാകേഷ്, പ്രമോദ് സിംഗ് എന്നീ ഹിന്ദുസേനാ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ബലമായി ചിക്കന്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെയുള്ള ഇറച്ചി വ്യാപാര കടകള്‍ അടപ്പിക്കുകയും വ്യാപാരികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ചൈത്ര നവരാത്രി ആഘോഷം കഴിയുന്നതു വരെ കടകള്‍ തുറക്കരുതെന്നാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഇറച്ചിക്കട വ്യാപാരികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. കട അടച്ചില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിയും ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 40-ഓളം വരുന്ന സേനാ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. പാലംവിഹാര്‍, ബദ്ഷാഹ്പൂര്‍, ഓം വിഹാര്‍ എന്നിവടങ്ങളിലെ 250-ഓളം കടകള്‍ ഇവര്‍ അടപ്പിച്ചു. ഇരുമ്പ് പൈപ്പ്, ഹോക്കി സ്റ്റിക്ക്, വടി മുതലായവ ഉപയാഗിച്ച് റോഡിലൂടെ സേനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നുവെന്ന് ഡി.സി.പി സുമര്‍ സിംഗ് പറഞ്ഞു.
200-ഓളം വരുന്ന ഹിന്ദു സേനാ പ്രവര്‍ത്തകര്‍ ശനിയാഴ്ച ഗുരുഗ്രാമിലെ വിവിധയിടങ്ങളിലായി മാര്‍ച്ച് നടത്തിയിരുന്നു.
ഹിന്ദു പുതുവർഷമായി കൊണ്ടാടുന്ന ചൈത്ര നവരാത്രി ആഘോഷം, ഈ വർഷം ഏപ്രിൽ 6 മുതൽ 14 വരെയാണ് ആഘോഷിക്കുന്നത്.