Mon. Dec 23rd, 2024
കോഴിക്കോട്:

കടുത്ത വേനലില്‍ ക്ഷീര കര്‍ഷകരെ വലച്ച് കേരളാ ഫീഡ്‌സിന്റെ നടപടി. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൂടാതെ വിലയും ചെറിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കാരണം ഒരു ചാക്കിന് കഴിഞ്ഞ ആറു മാസം കൊണ്ട് ശരാശരി 120 രൂപ വരെ വര്‍ദ്ധിച്ചെന്നു കര്‍ഷകര്‍ പറഞ്ഞു. 988 രൂപയായിരുന്ന കേരള ഫീഡ്സ് റിച്ച് കാലിതീറ്റയ്ക്കു 1070 രൂപയായി. 1010 രൂപ വിലയുണ്ടായിരുന്ന കേരളാ ഫീഡ്സ മിടുക്കി കാലി തീറ്റയ്ക്കു 1095 രൂപയായി. കേരള ഫീഡ്സ് എലയ്റ്റ് 1070 രൂപയില്‍ നിന്നും 1175 രൂപയുമായി വര്‍ദ്ധിച്ചു.

കുറച്ച് മുമ്പ് ഇരിങ്ങാലക്കുട പ്ലാന്റിലെത്തിയ മന്ത്രി കെ.രാജു കേരളാ ഫീഡ്സ് തീറ്റയുടെ വില കൂട്ടില്ലെന്നു പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് പ്രഖ്യാപനം മാത്രമായി ഒതുങ്ങിയെന്നും കര്‍ഷകര്‍ പറയുന്നു. പ്രളയം തളര്‍ത്തിയതിനോടൊപ്പം വേനലും വലയ്ക്കുന്ന ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയാണ് ഈ വിലക്കയറ്റം. സബ്സിഡി നല്‍കിയത് ഉള്‍പ്പെടെയുള്ള പ്രതിസന്ധി മറികടക്കാന്‍ ബജറ്റില്‍ 27 കോടിയാണ് കേരളാ ഫീഡ്സിന് അനുവധിച്ചത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലകയറ്റമാണ് വില കൂടാന്‍ കാരണം.
കടുത്ത വേനലില്‍ പാലിന്റെ അളവ് കുറയുന്നതോടോപ്പം കന്നുകാലികള്‍ക്ക് പല രോഗങ്ങളും വര്‍ദ്ധിക്കുകയാണ്. കുഴഞ്ഞു വീഴുന്നതും, കാല്‍സ്യക്കുറവും കന്നു കാലികളില്‍ കാണപ്പെടുന്നു. കന്നുകാലികള്‍ക്ക് തീറ്റ വര്‍ദ്ധിപ്പിക്കുകയാണ് ഇതിന് പരിഹാരം.

വില വര്‍ദ്ധനവിന്റെ കാര്യം പല തവണ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു മാറ്റവുമില്ല. അനുദിനം നിരവധി പേരാണ് ഈ മേഖലയില്‍ നിന്ന കൊഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കര്‍ഷകര്‍ സംഘടിച്ച് കേരള ഫീഡ്സ് ഫാക്ടറി ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.
ഇതിനു പുറമേ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് കൊണ്ട് ഗ്രാമ /ബ്ലോക്ക് പഞ്ചായത്തുകളും ധന സഹായം നല്‍കുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതാണ് ഇതിനു കാരണം. വില വര്‍ദ്ധിപ്പിക്കുന്നതിനു പകരം നിലവിലുള്ള സബ്സിഡികള്‍ നിര്‍ത്തി വെക്കുകയാണ് ചെയ്യുന്നതെന്നുമാണ് കേരള ഫീഡ്‌സ് അധികൃതര്‍ പറയുന്നത്. നേരത്തെ സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ വില്‍പന നടത്തിയിരുന്നത്. 70 മുതല്‍ 130 രൂപ വരെ സബ്സിഡി നല്‍കിയിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കള്‍ വില വര്‍ദ്ധനവുണ്ടായപ്പോള്‍ ഇത് നിര്‍ത്തിയെന്നും അധികൃതര്‍ പറഞ്ഞു. മിടുക്കി കാലത്തീറ്റക്ക് മാത്രമാണിപ്പോള്‍ സബ്‌സിഡി ഉള്ളത്. കേരളത്തിന് പുറത്ത് നിന്നുമാണ് അസംസ്‌കൃത വസ്തുക്കള്‍ വരുന്നത് എന്നതിനാല്‍ ഇതിന്റെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിനോ കേരള ഫീഡ്സിനോ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *