മലപ്പുറം:
എടപ്പാളില്‍ ആക്രി പെറുക്കുന്ന 11-കാരിയായ നാടോടി ബാലികയ്ക്കു നേരെ ക്രൂര മര്‍ദ്ദനം. പഴയ ഇരുമ്പ് സാധനങ്ങള്‍ നിറച്ച ചാക്കു കൊണ്ട് ബാലികയെ തല തല്ലിപൊളിച്ചായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ട്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാറാണ് കേസെടുത്തത്.
വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ സി. രാഘവനാണ് ബാലികയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയെ രക്ഷിക്കാനെത്തിയ മാതൃസഹോദരിക്കും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു രാഘവനെ കസ്റ്റഡിയിലെടുത്തെങ്കിലും രാത്രിയോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള രാഘവന്റെ കെട്ടിടത്തിനടുത്തുനിന്നും പെണ്‍കുട്ടി ആക്രി പെറുക്കുന്നത് രാഘവന്‍ വിലക്കി. തുടര്‍ന്നും സാധനങ്ങള്‍ പെറുക്കിയെന്ന പേരില്‍ ചാക്കു പിടിച്ചുവാങ്ങി രാഘവന്‍ തലയ്ക്കടിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി. നിലവിളി കേട്ടാണു നാട്ടുകാര്‍ ഓടിക്കൂടിയത്. ചോര വാര്‍ന്നൊലിക്കുന്ന കുട്ടിയെ നാട്ടുകാര്‍ ഉടന്‍ എടപ്പാള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീടു പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു സ്‌കാനിങ് നടത്തി. ബഹളം കണ്ടു ഭയന്ന് കുട്ടിയും ഒപ്പമുണ്ടായിരുന്നവരും താലൂക്ക് ആശുപത്രിയില്‍നിന്ന് ആരോടും മിണ്ടാതെ ഇറങ്ങിയെങ്കിലും ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നു തിരികെക്കൊണ്ടുവന്നു. തുടര്‍ന്നു ജില്ലാ ബാലസംരക്ഷണ യൂണിറ്റ് ഇടപെട്ടു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കൂടെയുണ്ടായിരുന്ന 11 വയസ്സുള്ള മറ്റൊരു കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി. വര്‍ഷങ്ങള്‍ക്കു മുന്‍പു തമിഴ്‌നാട്ടില്‍നിന്നെത്തിയതാണു പെണ്‍കുട്ടിയുടെ കുടുംബം. രണ്ടു കുട്ടികളും സ്‌കൂളില്‍ പോകുന്നില്ല.
സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് നേരേ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.