വയനാട്:
വയനാട് ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും റോഡ്ഷോയുമായി യു.ഡി.എഫ്. സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. ഈ മാസം 16 നോ 17 നോ പരിപാടി നടത്താനാണ് ആലോചന. പ്രിയങ്ക ഗാന്ധിക്കൊപ്പം ഇത്തവണ സോണിയ ഗാന്ധി കൂടി എത്തിയേക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം നടത്തിയ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഊര്‍ജം ചെറുതല്ല. ഈ സാഹചര്യത്തിലാണ് സമാന രീതിയില്‍ ഒരു റോഡ് ഷോ കൂടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തീയതി അന്തിമ തീരുമാനമായില്ലെങ്കിലും ഈ മാസം 16 നോ 17 നോ ആകും പരിപാടി.
വണ്ടൂര്‍, നിലമ്പൂര്‍ ഭാഗത്താകും റോഡ്ഷോ. പ്രിയങ്കാഗാന്ധിയെ കൂടാതെ സോണിയാ ഗാന്ധിയെ കൂടി പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം അവര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. 16ന് കേരളത്തിൽ 5 മണ്ഡലങ്ങളിലെ റാലികളിൽ രാഹുൽ പങ്കെടുക്കും. 17ന് വയനാട് മണ്ഡലത്തിലെ 3 റാലികളിൽ രാഹുൽ പ്രസംഗിക്കും. നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി എന്നിവിടങ്ങളിൽ പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും മാറ്റം വന്നേക്കാം. അടുത്തയാഴ്ച പ്രിയങ്ക ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് കെ.പി.സി.സി. നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളിലാണ് 16ന് രാഹുൽ എത്തുക.
രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ പ്രചാരണത്തിനു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ സി.പി.എം. നിയോഗിച്ചിട്ടുണ്ട്. 18 ന് 10 മണിക്കു കൽപറ്റയിലും മൂന്നരയ്ക്കു വണ്ടൂരിലും അദ്ദേഹം പ്രസംഗിക്കും. സ്ഥാനാർത്ഥിത്വം സംബന്ധിച്ചു രാഹുലിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പു സി.പി.എം. സംസ്ഥാന നേതൃത്വം പുറത്തിറക്കിയ യച്ചൂരിയുടെ പര്യടന പരിപാടിയിൽ വയനാട് ഉൾപ്പെട്ടിരുന്നില്ല.
കൂടാതെ ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാട്ടിൽ പ്രചാരണത്തിനെത്തും. 17 നാണ് അമിത് ഷായുടെ ആദ്യ പരിപാടി. രണ്ടാമത്തെ വരവിലാണ് അദ്ദേഹം വയനാട്ടിൽ പ്രചാരണം നടത്തുക. രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലെ ബി.ജെ.പി. സ്ഥാനാർത്ഥി കൂടിയായ സ്മൃതി ഇറാനി 9 ന് സംസ്ഥാനത്തെത്തും. രണ്ടാമത്തെ വരവിലാകും സ്മൃതിയും വയനാട് സന്ദർശിക്കുന്നത്. ഒരു ദിവസം മുഴുവൻ പരിപാടികളിൽ സംബന്ധിക്കും.
അതേസമയം വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തയ്യാറായി അപരന്മാരും രംഗത്തുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും പിന്നിട്ടപ്പോഴാണ് വയനാട്ടിലെ അപരന്മാരുടെ വിവരങ്ങള്‍ പുറത്തുവന്നത്. കോട്ടയം എരുമേലി സ്വദേശിയായ കെ.ഇ. രാഹുല്‍ ഗാന്ധി, കെ.രാഘുല്‍ ഗാന്ധി, കെ. ശിവപ്രസാദ് ഗാന്ധി എന്നിവരാണ് രാഹുല്‍ ഗാന്ധിയുടെ അപരന്മാരായി മത്സര രംഗത്തുള്ളത്.