Mon. Dec 23rd, 2024
കോഴിക്കോട് :

ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. കെ രാഘവന് കുരുക്ക് മുറുകുന്നു. എം.കെ രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ പൂർണരൂപത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ടി.വി 9 ഭാരത് വർഷിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റർ രാഹുൽ ചൗധരി അറിയിച്ചു. ഏത് അന്വേഷണവുമായും സഹകരിക്കാമെന്നും ചാനലിന് ഗൂഢലക്ഷ്യങ്ങളില്ലെന്നും രാഹുൽ ചൗധരി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനൽ പ്ലാൻ ചെയ്ത അണ്ടർ കവർ ഓപ്പറേഷനാണിത്. സത്യം പുറത്തുവരണം എന്നത് മാത്രമായിരുന്നു അജണ്ട. ഞങ്ങളുടെ സ്റ്റിംഗ് ഓപ്പറേഷൻ സത്യസന്ധമാണെന്ന് ഏത് ഏജൻസിക്ക് മുന്നിലും തെളിയിക്കാം. നിയമനടപടികൾ നേരിടാനും ഒരുക്കമാണെന്നും രാഹുൽ ചൗധരി പറ‌‌ഞ്ഞു.രാഘവന്‍റെ ശബ്ദം ഡബ്ബ് ചെയ്ത് കയറ്റിയെന്ന വാദവും ചാനൽ എക്സിക്യൂട്ടീവ് എഡിറ്റർ തള്ളി. ”വീഡിയോയിൽത്തന്നെ രാഘവൻ സംസാരിക്കുന്നത് വ്യക്തമാണ്. ആ ഓഡിയോയിൽ ഡബ്ബ് ചെയ്തെന്ന ആരോപണം പരിശോധിക്കട്ടെ. ഏത് പരിശോധനയുമായും സഹകരിക്കും.”, രാഹുൽ ചൗധരി വ്യക്തമാക്കി.

ഇതോടെ എം.കെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തിൽ പഴുതടച്ചുള്ള അന്വേഷണത്തിനൊരുങ്ങുകയാണ് കേരള പൊലീസ്. വിവാദവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികള്‍ പരിശോധനക്കായി ഡി.ജി.പിക്ക് കൈമാറിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജിക്കാണ് ഡി.ജി.പി അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തലശ്ശേരി എ.എസ്.പിയായ സുകുമാർ അരവിന്ദനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ജന പ്രാതിനിധ്യ നിയമം 123ാം വകുപ്പ് പ്രകാരം രാഘവനെതിരെ കേസെടുത്തിട്ടുണ്ട്.

തുടർന്ന് മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡി.സി.പി വാഹിദ് എം.കെ രാഘവന് നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ ഉയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയത്തിനിടയില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിചാരണയ്ക്ക് തയ്യാറാകണം എന്നു കാണിച്ചായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കായിരുന്നതിനാല്‍ രാഘവന്‍ മൊഴി നല്‍കാന്‍ ഹാജരായില്ല.

കേസുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്റെ മൊഴിയെടുക്കലിനു ശേഷം സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട ചാനലിന്റെ അധികൃതരുമായും പൊലീസ് ബന്ധപ്പെടും. വീഡിയോയുടെ ഒറിജിനല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

ഒളിക്യാമറയിലെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ എം.കെ. രാഘവന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നു സി.പി.എം പരാതി നൽകിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവുകള്‍ക്കായി 20 കോടി രൂപ എവിടെ നിന്ന് കിട്ടി? എങ്ങിനെ വിനിയോഗിച്ചു? എം.പിയായ ശേഷം രാഘവന്‍റെയും കുടംബത്തിന്‍റെയും സ്വത്തിലുള്ള വര്‍ധന തുടങ്ങിയവ അന്വേഷിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് രാഘവന്‍ നല്‍കിയ കണക്ക് വ്യാജമാണെന്നും സി.പി.എം. നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സി.പി.എം. പരാതി നല്‍കിയിട്ടുണ്ട്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണം ജനം പുച്ഛിച്ചു തള്ളുമെന്നാണ് എം.കെ.രാഘവന്റെ നിലപാട്. പരാജയം മണക്കുമ്പോൾ സി.പി.എം എക്കാലത്തും ഇത്തരം അടവുകൾ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന്റെയെല്ലാം പിന്നിൽ. അതൊക്കെ ജനങ്ങൾ തിരിച്ചറിയുമെന്നും ഒന്നും എന്നെ ബാധിക്കുന്നില്ലെന്നും രാഘവൻ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും ഒളിക്യാമറ വിവാദം കോഴിക്കോട് മണ്ഡലത്തിൽ യു.ഡി.എഫിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സി.പി.എമ്മിന്റെ ശക്തമായ ആയുധമായി ഈ വിവാദം മാറിക്കഴിഞ്ഞു. എന്നാൽ അതിനെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഇരുട്ടിൽ തപ്പുകയാണ് യു.ഡി.എഫ്. വീഡിയോയുടെ ഫോറൻസിക്ക് റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും ഇനി രാഘവന്റെ രാഷ്ട്രീയ ഭാവി. വീഡിയോ വ്യാജമല്ലെന്നു തെളിഞ്ഞാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കപ്പെടാനും മുൻകാല പ്രാബല്യത്തോടെ എം.പി. സ്ഥാനത്തിൽ നിന്നും അയോഗ്യനാക്കപ്പെടാനും സാധ്യതയുണ്ട്.

നേരത്തെ കണ്ണൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന “അഗ്രിന്‍കോ” എന്ന സഹകരണസ്ഥാപനത്തിന്റെ പേരില്‍ 77 കോടി തിരിമറി നടത്തിയെന്ന കേസും രാഘവനെതിരെ വന്നിരുന്നു. 2002 മുതല്‍ 2014വരെ എം.കെ രാഘവന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു.വ്യാജരേഖ ചമച്ചുവെന്നും ഗൂഢാലോചന, അഴിമതി നടത്തിയെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്നാം പ്രതിയായാണ് എം.കെ രാഘവനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കേസ് ആണെന്നാണ് വിവരം.

യു.ഡി.എഫ് നേതാക്കൾ പുറമെ പിന്തുണ കൊടുക്കുന്നുണ്ടെങ്കിലും ഈ വിവാദങ്ങളിൽ എല്ലാം രാഘവന് ജാഗ്രതക്കുറവുണ്ടായി എന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വം. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ തൊട്ടടുത്ത കോഴിക്കോട് മണ്ഡലത്തിൽ കൂടി, യു.ഡി.എഫിന് കിട്ടേണ്ട ആനുകൂല്യം സ്ഥാനാർത്ഥി ഒളിക്യാമറയിൽ കുടുങ്ങിയതോടെ കളഞ്ഞു കുളിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് അണികൾ.

Leave a Reply

Your email address will not be published. Required fields are marked *