റാഞ്ചി:
ജാര്‍ഖണ്ഡ് ബി.ജെ.പി. അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മാവോയിസ്റ്റ് നേതാവ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ, മാവോയിസ്റ്റ് നേതാവ് രമാകാന്ത് പാണ്ഡേയാണ് ലക്ഷ്മണ്‍ ഗിലുവയുടെ യോഗത്തില്‍ പങ്കെടുത്തത്.
സിങ്ക്ബുവം മണ്ഡലത്തിലെ കുടുംബ യോഗത്തില്‍ ലക്ഷ്മണ്‍ ഗിലുവയും രമാകാന്ത് പാണ്ഡേയും പങ്കെടുക്കുന്നതിന്റെ ഒരുമിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.എ.എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.
കൂടാതെ ജംഷഡ്പൂര്‍ സ്വദേശി ഡാനിയേല്‍ ഡാനിഷ് ഹൈക്കോടതിയില്‍ ഇതിനെതിരെ പൊതുതാത്പര്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. നിലവില്‍ സിങ്ക്ബുവം മണ്ഡലത്തിലെ എം.പിയായ ലക്ഷ്മണ്‍ ഗിലുവ ഗിരിവര്‍ഗ വിഭാഗത്തില്‍ പെട്ടയാളുമാണ്. ഇദ്ദേഹം ഇത്തവണ സിങ്ക്ബുവം മണ്ഡലത്തിൽ രണ്ടാമങ്കത്തിന് ഇറങ്ങുകയാണ്.
ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയ സാധ്യതകളെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രസ്താവന നടത്തി വിവാദത്തില്‍ പെട്ട ആളാണ് ലക്ഷ്മണ്‍ ഗിലുവ. കൂടാതെ ആദിവാസി ഭൂമികള്‍ കൃഷിയേതര ആവശ്യങ്ങള്‍ക്കായും മറ്റും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ട് വരാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു.