ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും വ്യക്തിപരമായ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തകർക്കപ്പെടാതിരിക്കാൻ ആയിരിക്കണം വോട്ട് ചെയ്യേണ്ടതെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിർണായകമാണെന്നും ആഹ്വാനം ചെയ്ത് രാജ്യത്തെ 209 പ്രമുഖ ശാസ്ത്രജ്ഞന്മാർ. മൗലികാവകാശങ്ങൾ, അവ രാജ്യത്തെ എല്ലാ പൗരന്മാർക്കും, പക്ഷപാതവും വിവേചനവും ഇല്ലാതെ ഒരുപോലെ ലഭ്യമാകുന്നുവെങ്കിൽ മാത്രമേ കാര്യമുള്ളൂ എന്നും പ്രസ്താവനയിൽ പറയുന്നു.
ഈ അവകാശങ്ങൾ സംരക്ഷിക്കാൻ; ജാതി, മത, ലിംഗഭേദം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിച്ച് ജനങ്ങളെ ആക്രമിക്കുകയും കൊലചെയ്യുകയും ചെയ്യുന്നവരെ തിരഞ്ഞെടുപ്പിൽ തള്ളിക്കളയണം എന്നും. ഈ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നവരെയും നിരാകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
നമ്മെ ഭിന്നിപ്പിക്കുന്ന, ഭയം സൃഷ്ടിക്കുന്ന, നമ്മുടെ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ പാർശ്വവത്കരിക്കുന്ന ഒരു രാഷ്ട്രീയത്തെ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ, ദളിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, വൈകല്യമുള്ളവരും ദരിദ്രരും രാജ്യത്ത് അവഗണന അനുഭവിക്കുന്നു. വൈവിധ്യം നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. എല്ലാത്തരത്തിലുള്ള വിവേചനവും അതിന്റെ അടിത്തറയെ തകർക്കുന്നു.
ശാസ്ത്രജ്ഞരും, ആക്ടിവിസ്റ്റുകളും, യുക്തിവാദികളും ജയിലിലടക്കപ്പെടുന്ന, സെൻസർ ചെയ്യപ്പെടുന്ന ആക്രമിക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്ന ഒരു അന്തരീക്ഷം നമ്മുടെ രാജ്യം അർഹിക്കുന്നില്ല. നമ്മൾ നമ്മുടെ യുവാക്കൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ഭാവി ഇതല്ല. ഒരു വാണിജ്യ സംരംഭം എന്നതിനേക്കാൾ വിമർശനപരമായ, തുറന്ന മനസ്സോടെ ചോദ്യം ചെയ്തുകൊണ്ട്, ജനാധിപത്യ ശാക്തീകരണത്തിന്റെ മാർഗമായി ശാസ്ത്രത്തെ കാണുന്ന ഒരു രാജ്യത്തേക്ക് അവർ ഉണരാൻ നമ്മൾ ആഗ്രഹിക്കുന്നു. ഇതിനായി വിവേകപൂർവ്വം വോട്ടുചെയ്യാൻ എല്ലാ പൗരന്മാരോടും തങ്ങൾ അപേക്ഷിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.
അമിതാഭ് ജോഷി, ഗഗൻദീപ് കാങ്ങ്, നരേഷ് ദാദിച്ച്, പ്രജ്വൽ ശാസ്ത്രി, രാമ ഗോവിന്ദരാജൻ, സത്യജിത്ത് മയൂർ, സുഭാഷ് ലഖോതിയ എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖ ശാസ്ത്രജ്ഞരിൽ ഉൾപ്പെടുന്നു.