Wed. Jan 22nd, 2025
ഡൽഹി:

ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന വിദ്വേഷത്തിനും വെറുപ്പിനും എതിരായി വോട്ടു ചെയ്യുക എന്ന ആശയമുന്നയിച്ചു കൊണ്ട് സ്ത്രീകൾ മാർച്ച് നടത്തി. സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, കർഷകർ, വിദ്യാർത്ഥികൾ, ദളിത്, അഭിഭാഷകർ, ആർട്ടിസ്റ്റുകൾ തുടങ്ങിയ വിവിധ സംഘടനകളാണ് “മാറ്റത്തിനായുള്ള വനിതാ മാർച്ചിന്” നേതൃത്വം നൽകിയത്. ഡൽഹിക്കു പുറമെ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, അജ്മീർ എന്നിവിടങ്ങളിലും മാർച്ച് സംഘടിപ്പിച്ചു. ഡൽഹിയിൽ മണ്ഡി ഹൗസിൽ നിന്നും ജന്തർ മന്തർ വരെയാണ് മാർച്ച് നടന്നത്. വിദ്യാർത്ഥിനികളടക്കം ആയിരക്കണക്കിന് സ്ത്രീകളാണ് മാർച്ചിൽ പങ്കെടുത്തത്.

ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന സർക്കാരിനെതിരെ വോട്ട് ചെയ്യാൻ വേണ്ടിയാണ് ഈ മാർച്ച് നടത്തപ്പെട്ടതെന്ന് സംഘാടകരിലൊരാളും സോഷ്യൽ ആക്ടിവിസ്റ്റുമായ ശബ്നം ഹാഷ്മി അഭിപ്രായപ്പെട്ടു. “നോട്ടു നിരോധന സമയത് നിരവധി സ്ത്രീകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. വോട്ടു ചെയ്യുന്ന സമയത്ത് ആരും ഇതൊന്നും മറക്കരുത്. അതിനാണ് ഞങ്ങളീ മാർച്ച് സംഘടിപ്പിച്ചത്.” ഹാഷ്മി കൂട്ടിച്ചേർത്തു.

ആണധികാരത്തിനെതിരെയും, ഫാസിസത്തിനെതിരെയും, ജാതി വ്യവസ്ഥയ്‌ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു മാർച്ച്. മാർച്ചിലുപയോഗിച്ച പോസ്റ്ററുകളിൽ, ആക്ടിവിസ്റ്റുകളായ ഷോണാ സീനിനെയും, സുധ ഭരദ്വാരാജിനെയും ജയിൽ മോചിപ്പിക്കണമെന്നുള്ള സന്ദേശങ്ങൾ അവർ ഉന്നയിച്ചു.

സുരക്ഷയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവും ഏറ്റവും വലിയ പ്രാധാന്യത്തോടെതന്നെ ഉന്നയിക്കേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. “ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾ സ്കൂളിലേക്ക് പോകുന്ന വഴിയിലൊക്കെ തന്നെ സവർണ ജാതിയിൽപ്പെട്ട ആൾക്കാരുടെ പീഡനത്തിനിരയാവുന്നുണ്ട്. ദളിത് ശരീരങ്ങൾക്കു നേരെയുള്ള അക്രമവും, പീഡനവും മുൻ‌കാലങ്ങളെക്കാൾ ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് ബി.ജെ.പി. ഭരണ കാലത്താണ്.” രാഷ്ട്രീയ ദളിത് മഹിളാ ആന്ദോളൻ ജനറൽ സെക്രട്ടറി സുമേധ ബോധ് പറഞ്ഞു.

അമ്പതു വയസായ അഫ്രോസ് ഗുൽസാറിന്റെ വാക്കുകളിൽ തൊഴിലില്ലായ്മയും, സുരക്ഷയില്ലായ്മയയുമാണ് ഏറ്റവും വലിയ പ്രശ്നങ്ങൾ. നേരം ഇരുട്ടിക്കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ എന്നും ഗുൽസാർ പറയുന്നു.

“ആൾക്കൂട്ട കൊലയ്‌ക്കെതിരെ പ്രതികരിക്കാനാണ് ഞാൻ ഈ മാർച്ചിൽ പങ്കെടുക്കുന്നത്. രാവെന്നും പകലെന്നും ഭേദമില്ലാതെ, കൊച്ചു കുട്ടികളെയടക്കം എത്രയോ ആളുകളെ അടിച്ചു കൊന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു കർട്ടൻ വീണു. ഭരണഘടനയുടെ പ്രാധാന്യം തന്നെ കുറഞ്ഞു വരുന്നതായാണെനിക്ക് തോന്നുന്നത്.” അൻപത്തെട്ടു കാരിയായ മഞ്ജു ശർമ്മ പറയുന്നു.

മദ്യത്തിനും മയക്കു മരുന്നിനുമെതിരെ കർശനമായ നിയമ നിർമ്മാണമാണ് ശശി ദേവി ആഗ്രഹിക്കുന്നത്. “അധ്വാനിച്ചുണ്ടാക്കുന്ന പൈസ മുഴുവൻ ഭർത്താവോ മകനോ ചേർന്ന് ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി ചിലവാക്കുകയും, അത് ഗാർഹിക പീഡനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ഈ കാരണങ്ങളാൽ സ്ത്രീകൾക്ക് ജോലിക്ക് പോകാൻ തന്നെ പലപ്പോഴും സാധിക്കുന്നില്ല.” സോഷ്യൽ ആക്ടിവിസ്റ്റു കൂടെയായ ശശി ദേവി പറയുന്നു.

വിദ്യാഭ്യാസ രംഗം ഇത്രയേറെ സ്വകാര്യവത്കരിച്ചതിനെതിരെയും, തൊഴിലാളി നിയമങ്ങൾ എടുത്തു കളഞ്ഞതിനെതിരെയും ശക്തമായ പ്രതിഷേധങ്ങൾ മാർച്ചിൽ മോദി സർക്കാരിനെതിരെ ഉയർന്നു.
“സ്ത്രീകൾക്കനുകൂലമായ നിയമ നിർമ്മാണം നടത്തുമെന്ന് വാഗ്ദാനം നടത്തി മുമ്പുണ്ടായിരുന്ന അവസ്ഥയെക്കാളും കൂടുതൽ ഗുരുതരകരമാക്കി മാറ്റിയ വലതു പക്ഷ ശക്തിയെ താഴെയിറക്കാൻ പ്രവർത്തിച്ച മതിയാവു.” വിദ്യാർത്ഥി പ്രതിനിധികൾ പറയുന്നു.

സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാവാത്ത ആളുകളുടെ അവകാശങ്ങളും ദിനംപ്രതി നിഷേധിക്കുകയാണെന്നും അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *