ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വെക്കേഷൻ ആരംഭിച്ചു കഴിഞ്ഞു. ഈ വേനലവധിക്കാലം അടിച്ചുപൊളിക്കാൻ വിദേശയാത്ര പ്ലാൻ ചെയ്യുന്നവരും കുറവല്ല. പലരെ സംബന്ധിച്ചിടത്തോളവും, കുടുംബവും കൂട്ടുകാരുമൊത്തു അല്പദിവസങ്ങൾ വിദേശത്തു ചിലവിടുക എന്നത് ഇപ്പോഴും ലഭിക്കാവുന്ന ഒരു അവസരമല്ല. ആ ദിവസങ്ങളെ ഏറ്റവും പ്രിയപ്പെട്ടതാക്കുവാനുള്ള ചില പൊടിക്കൈകളാണ് ചുവടെ.
* ഒരു കുഞ്ഞു ഗവേഷകനാവുക- പോകുന്നതിനു മുൻപ് ഏറ്റവും പ്രധാനമാണ് പോകുന്ന സ്ഥലത്തെപ്പറ്റിയുള്ള വിശദമായൊരു പഠനം. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും പോകാനുദ്ദേശിക്കുന്ന രാജ്യത്തെപ്പറ്റി അറിവു സമ്പാദിക്കുകതന്നെയാണ് ആദ്യ പടി. അവിടുത്തെ കാലാവസ്ഥ, പോകാനുദ്ദേശിക്കുന്ന സമയം സഞ്ചാരികൾക്കനുയോജ്യമാണോ, പ്ലാൻ ചെയ്ത ദിവസത്തിനുള്ളിൽ കണ്ടു തീർക്കാവുന്ന പ്രധാന സ്ഥലങ്ങൾ, ഭക്ഷണ രീതി, ഭാഷ, ആളുകളുടെ ജീവിതരീതി, ഏകദേശ ചെലവ് എന്നിവയെല്ലാം തന്നെ അറിഞ്ഞിരിക്കണം. യുദ്ധ സമാന അന്തരീക്ഷമോ, മറ്റു കാലാവസ്ഥ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. മുൻപ് ആ സ്ഥലം സന്ദർശിച്ചിട്ടുള്ള ആരോടെങ്കിലും സംസാരിക്കുന്നതും ഗുണം ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ അവിടെയെത്തിയിട്ട് ഞെട്ടിപ്പോവരുത് എന്നർത്ഥം.
* ഇന്റർനാഷണൽ റോമിങ് ആക്ടിവേറ്റ് ചെയ്യുക: യാത്രകളൊക്കെ ശരിക്കും ആസ്വദിക്കാനുള്ളതാണ്, അല്ലാതെ ഫ്രീ വൈഫൈ ലഭ്യമാവുന്ന ഹോട്ടൽ അന്വേഷിച്ചു നടക്കുന്നതല്ല. ആഘോഷ നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രിയപ്പെട്ടവർക്ക് യഥാസമയം അയച്ചു കൊടുക്കുവാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുവാനും ഇന്റർനെറ്റ് ആവശ്യമാണ്. അതുകൊണ്ട് ഇന്റർനാഷണൽ റോമിംഗ് പാക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഉദാഹരണത്തിന്, എയർടെല്ലിന് നൂറ്റി എഴുപത്തിയഞ്ചിൽ പരം രാജ്യങ്ങളിൽ കവറേജുണ്ട്. വിലയും താങ്ങാവുന്ന വിലയാണ്. ചില രാജ്യങ്ങളിൽ ചെറിയ വിലയ്ക്ക് സിം കിട്ടാറുണ്ട്. പക്ഷെ നമ്മുടെ ഐഡി വിവരങ്ങൾ കൈമാറാതിരിക്കുന്നതാണ് നല്ലത്.
* ഹോട്ടലുകൾ തിരഞ്ഞെടുക്കുമ്പോൾ: നമ്മുടെ കയ്യിലുള്ള ബഡ്ജറ്റ് അനുസരിച്ച് ഏറ്റവും മികച്ച ഹോട്ടൽ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. പ്ലാൻ ചെയ്യുന്ന സ്ഥലങ്ങളിലേക്കെല്ലാം എളുപ്പത്തിലെത്താൻ പറ്റുന്ന സ്ഥലത്ത് ഹോട്ടൽ എടുക്കുന്നതാണ് നല്ലത്. ഹോട്ടലിനെക്കുറിച്ചും വിശദമായിത്തന്നെ അന്വേഷിക്കണം.
*പണം കരുതി ചിലവഴിക്കാം: പോകുന്നതിനു മുമ്പു തന്നെ ചെലവാക്കാൻ പോകുന്ന പൈസയ്ക്ക് കണക്കു വെയ്ക്കുന്നത് നല്ലതാണ്. ഓരോ ദിവസവും ചിലവഴിക്കുന്ന പൈസയ്ക്ക് ഒരു പരിധി നിശ്ചയിക്കുക. കൂടുതൽ ചെലവാക്കാതിരിക്കുക. ഇന്റർനാഷണൽ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളും കരുതാൻ മറക്കണ്ട.
* മെഡിക്കൽ കിറ്റ് എടുക്കാൻ മറക്കണ്ട: പുതിയൊരു രാജ്യം കാണാനാണ് പോകുന്നത്. അസുഖം പിടിച്ചിരുന്നാൽ വലിയൊരു അവസരമായിരിക്കും നഷ്ടമാവുന്നത്. കാലാവസ്ഥയെ മുൻകൂട്ടികണ്ടുകൊണ്ട് ആവശ്യമായ മരുന്നുകൾ കയ്യിൽ കരുതണം. ഭക്ഷണത്തിൽ നിന്നോ കാലാവസ്ഥയിൽ നിന്നോ അലർജി ഉണ്ടാവുന്നവർ വളരെയധികം കരുതലെടുക്കണം. പോകുന്നതിനു മുന്നേ ഡോക്ടറിനെ കണ്ട് ആവശ്യമായ മെഡിക്കൽ ചെക്ക് അപ്പുകൾ നടത്തി മരുന്നുകൾ വാങ്ങിക്കുക.