Fri. May 3rd, 2024

കേരളത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പ് ഗീതത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു. പ്രശസ്ത മലയാളം പിന്നണി ഗായികയായ കെ.എസ്. ചിത്രയാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പിന് വേണ്ടി കേരളത്തിൽ ഔദ്യോഗികമായൊരു ഗീതം ഒരുക്കുന്നത്. തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ പി.സദാശിവം ജ്യോതിർഗമയ ഫൌണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ടിക്ക റാം മീണയുടെതാണ് ഈ ആശയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാജസ്ഥാനിലായിരുന്നു ഡ്യൂട്ടി, അപ്പോൾ അവിടുത്തെ ഓരോ പ്രദേശങ്ങളിലും തനതായ ഭാഷയിലുള്ള തിരഞ്ഞെടുപ്പ് ഗീതങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇത്തവണ കേരള തിരഞ്ഞെടുപ്പിന്റെ ചുമതല ലഭിച്ചപ്പോഴാണ് ഇത്തരമൊരു ആശയത്തെ പറ്റി ആലോചിക്കുന്നത്. അങ്ങനെയാണ് വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ നേതൃത്വത്തിൽ ഗീതം തയ്യാറാക്കുന്നത്.

“ഭാരത ഭാഗ്യ വിധാതാക്കൾ നാം” എന്ന് തുടങ്ങുന്ന ഗീതത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഐ.എം.ജി. ഡയറക്ടറും, മുൻചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാറാണ്. സംഗീതം മാത്യു ടി. ഇട്ടി. വോട്ട് ചെയ്യേണ്ടുന്നതിന്റെ ആവശ്യകത എന്ന സന്ദേശമാണ് ഗീതത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. സാമൂഹിക- സാംസ്കാരിക, ദേശഭക്തിയെന്ന ആശയങ്ങളും ഗീതത്തിലുൾപ്പെടുത്തിയിട്ടുണ്ട്. നാലു മിനുട്ടാണ് ഗീതത്തിന്റെ ദൈർഘ്യം. ഇൻവിസ് മൾട്ടീമീഡിയയാണ് ഗീതത്തിനാവശ്യമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് അംബാസിഡഡർമാരായ ഇ. ശ്രീധരനെയും, കെ.എസ്. ചിത്രയെയും ചടങ്ങിൽ പൊന്നാടയണിയിച്ചു ആദരിച്ചു. ഇരുവരുടെയും ചിത്രങ്ങളുൾപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പു പോസ്റ്ററുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *