Wed. Jan 22nd, 2025

പോഷകാഹാരക്കുറവു മൂലം വര്‍ഷാവര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. വര്‍ഷത്തില്‍ ശരാശരി 100 പേരെങ്കിലും മരിക്കുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ആഗോളത്തലത്തില്‍ തന്നെ അഞ്ചില്‍ ഒരാള്‍ മരിക്കുന്നത് പോഷകാഹാരക്കുറവു മൂലമാണ്. ഇതു പ്രകാരം 11 ദശലക്ഷം പേരാണ് വര്‍ഷത്തില്‍ പോഷകാഹാരത്തിന്റെ അപര്യാപ്തത മൂലം മരിക്കുന്നത്.

ഭക്ഷണക്രമീകരണത്തില്‍ വന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണം. മാറാരോഗങ്ങള്‍ക്കു വരെ ഇതു കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ 195 രാജ്യങ്ങളിലെ 15-ഓളം ഭക്ഷണ രീതികളെ അടിസ്ഥാനപ്പെടുത്തി നടത്തിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുകള്‍. 1990 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലുണ്ടായ അസുഖങ്ങളുടെയെല്ലാം പ്രധാന കാരണമായി പറയുന്നതും തെറ്റായ ഭക്ഷണ ക്രമീകരണമാണ്. ലാന്‍സെറ്റിന്റെ പഠന പ്രകാരം ധാന്യങ്ങള്‍, പഴങ്ങള്‍, പരിപ്പുകള്‍ എന്നിവയും പോഷക സമൃദ്ധമായ സംസ്‌കരിച്ചതോ അല്ലാത്തതോ ആയ മാംസാഹാരങ്ങള്‍, മധുര പാനീയങ്ങള്‍, ട്രാന്‍സ്‌ഫാറ്റുകള്‍ എന്നിവയാണ് നിര്‍ബന്ധമായും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടവ. ഇതില്‍ പലതിന്റെയും കുറവാണ് പല രാജ്യങ്ങളിലും വ്യത്യസ്ത തരം അസുഖങ്ങളിലേക്ക് നയിക്കുന്നത്.

ഇന്ത്യ, യു.എസ്, ബ്രസീല്‍, പാക്കിസ്ഥാന്‍, നൈജീരിയ, റഷ്യ, ഈജിപ്ത്, ജര്‍മ്മനി, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ അളവ് പരിമിതമാണ്. ശരാശരി 125 ഗ്രാമെങ്കിലും ഒരു ദിവസം കഴിക്കേണ്ടതുണ്ടെന്നും പഠനത്തില്‍ പറയുന്നു. ബംഗ്ലാദേശില്‍ പഴങ്ങളാണ് കൂടുതലായി ഉള്‍പ്പെടുത്തേണ്ടത്. 2017-ലെ കണക്കുകള്‍ പ്രകാരം ഇസ്രായേല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജപ്പാന്‍, അന്‍ഡോറ എന്നീ രാജ്യങ്ങളില്‍ പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന മരണങ്ങളുടെ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മരണ നിരക്കില്‍ 118-ാം റാങ്കാണ് ഇന്ത്യക്കുള്ളത്. 10,000 മരണത്തില്‍ 310 മരണങ്ങള്‍ പോഷകാഹാരക്കുറവു മൂലമാണ് ഇന്ത്യയില്‍ നടക്കുന്നത്.

മരണ നിരക്ക് കുറഞ്ഞ 23-ാം സ്ഥാനത്തു നില്‍ക്കുന്ന യു.കെയില്‍ 10,000 ത്തില്‍ 127 മരണങ്ങളും പോഷകാഹാരക്കുറവ് മൂലമാണ്. 43-ാം സ്ഥാനത്തു നില്‍ക്കുന്ന യു.എസ്സില്‍ 10,000-ല്‍ 127 മരണങ്ങള്‍ ഇപ്രകാരമാണ്. 140-ാം സ്ഥാനത്തുള്ള ചൈനയില്‍, ശരാശരി 350 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സമീകൃത ഭക്ഷണക്രമം നിലനിര്‍ത്താനും ആരോഗ്യപ്രദമായ ജീവിതരീതി ഉറപ്പു വരുത്താനും അതോടൊപ്പം വിവിധ ഭക്ഷ്യ മേഖലകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഭക്ഷണരീതി പുനഃക്രമീകരണം നടത്താനുമുള്ള ആവശ്യകതയാണ് ഈ പഠനം മുന്നോട്ടു വെക്കുന്നത്.

ക്രിസ്റ്റഫര്‍ മുറയ്, വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പ്രസംഗത്തില്‍ ആഗോളതലത്തില്‍ ഇതിനായുള്ള പരിശ്രമങ്ങള്‍ ഒരുമിച്ച് നടത്തണമെന്നു പരാമര്‍ശിക്കുന്നുണ്ട്. സോഡിയം, കൊഴുപ്പ്, പഞ്ചസാര എന്നീ മേഖലകളില്‍ മാത്രമാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നത്.

എന്നാല്‍ ലാൻസെറ്റിന്റെ പഠനങ്ങള്‍ വിശദമായി കാര്യങ്ങളെ പ്രതിപാദിക്കുന്നുണ്ട്. ശരാശരി ഉപയോഗിക്കേണ്ട ധാന്യങ്ങളും, പഴം, പച്ചക്കറി വര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1990 മുതല്‍ 2017 വരെ ഏറിവന്ന അസുഖങ്ങള്‍ – കാന്‍സര്‍,പ്രമേഹം ഹൃദ്രോഗങ്ങള്‍ – മിക്കതും സമീകൃതമല്ലാത്ത ഭക്ഷണക്രമീകരണങ്ങളിലൂടെ ഉണ്ടായതാണെന്നും ഭക്ഷണക്രമീകരണങ്ങളെക്കുറിച്ചുള്ള അംഗീകൃതമല്ലാത്ത പഠനങ്ങളും മോശമായ ഭക്ഷണക്രമങ്ങളിലേക്കു നമ്മെ നയിക്കുന്നുണ്ടെന്നും പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 1990-ല്‍ 8 ദശ ലക്ഷം മരണങ്ങളാണ് സമീകൃതമല്ലാത്ത ആഹാരശൈലി കൊണ്ട് ഉണ്ടായത്. ജനസംഖ്യ വര്‍ദ്ധനവും ഇതിനു ഒരു കാരണമാണെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പഠന റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *