നാഗ്‌പൂർ:
തിരഞ്ഞെടുപ്പിനു ശേഷം ചൌക്കീദാർ ജയിലിൽ പോകുമെന്നു രാഹുൽഗാന്ധി പറഞ്ഞു. വ്യാഴാഴ്ച നാഗ്പൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. മോദി സർക്കാരിന്റെ അഴിമതിയെ വിമർശിച്ച അദ്ദേഹം, രാജ്യത്തിന്റെ ചൌക്കീദാർ തിരഞ്ഞെടുപ്പിനു ശേഷം ജയിലിൽ ആയിരിക്കുമെന്നു പറഞ്ഞു.
കോൺഗ്രസ്സിന്റെ, നാഗ്പൂരിലേയും, രാംടെക്കിലേയും സ്ഥാനാർത്ഥികളായ നാനാ പടോലെയുടേയും, കിഷോർ ഗജ്ഭിയയുടെയും തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“അവർ കോടിക്കണക്കിനു രൂപയുമായി കടന്നുകളഞ്ഞു. മോദി അവരെയൊക്കെ ഭായ് (സഹോദരൻ) എന്നാണു പറയുന്നത്. എന്നെ ചൌക്കീദാറാക്കൂ, പ്രധാനമന്ത്രിയല്ല എന്നാണ് മോദി പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ഒരു അന്വേഷണം നടക്കും, ചൌക്കീദാർ ജയിലിൽ പോവുകയും ചെയ്യും.” വ്യവസായികളായ അനിൽ അംബാനി, വിജയ് മല്ല്യ, ഗൌതം അദാനി, നീരവ് മോദി, മേഹുൽ ചോക്സി എന്നിവരോട് മോദിയ്ക്കുള്ള പക്ഷപാതിത്വം വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ 20 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ 72000 കൊടുക്കുക എന്നത് തന്റെ സ്വപ്നപദ്ധതി ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. “മഹാഭാരതത്തിലെ അർജ്ജുനൻ തന്റെ ലക്ഷ്യം ഒരിടത്ത് ഉറപ്പിച്ചിരുന്നതുപോലെ, ഞാനും എന്റെ ഈ ലക്ഷ്യത്തിൽ ദൃഷ്ടിയുറപ്പിച്ചിരിക്കുകയാണ്. 15 ലക്ഷം നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ ഇടും എന്ന കള്ളം ഞാൻ നിങ്ങളോടു പറയില്ല. കാരണം, കള്ളത്തരത്തിന് രണ്ടു മൂന്നു മാസങ്ങൾക്കപ്പുറം ആയുസ്സില്ല. ഞാൻ നിങ്ങൾക്കൊപ്പം 15- 20 വർഷം പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്,” രാഹുൽ ഗാന്ധി പറഞ്ഞു