Wed. Dec 18th, 2024
മുംബൈ:

ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാർത്ഥി കനയ്യകുമാറിന് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ശിവസേന എം.പി സഞ്ജയ്‌ റാവുത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കനയ്യ വിഷക്കുപ്പിയാണെന്നും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചായാലും തോൽപ്പിക്കണമെന്നും ശിവസേനാ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ റാവത്ത് ആവശ്യപ്പെട്ടിരുന്നു. കനയ്യ ലോക്സഭയിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്നും റാവത്ത് ആവശ്യപ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാമര്‍ശം വോട്ടിങ് യന്ത്രത്തെ സംശയദൃഷ്ടിയിലാക്കിയെന്നു നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. സാമ്‌ന പത്രാധിപര്‍ കൂടിയായ റാവത്ത് ഇന്ന് വിശദീകരണം നല്‍കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കനയ്യ കുമാറിന്റെ വിജയം ഭരണഘടനയുടെ പരാജയമാണെന്നും ലേഖനത്തില്‍ സഞ്ജയ് റാവത്ത് ആരോപിച്ചു. ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ കനയ്യ കുമാർ ബെഗുസരായി മണ്ഡലത്തിൽ ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് നേരിടുന്നത്.

അതേസമയം കനയ്യകുമാറിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഓൺലൈനായി സംഭാവന നൽകിയത് 2400 ലേറെ പേരാണ്. ഇതുവരെ 31 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. സംഭാവന 70 ലക്ഷം രൂപയിലെത്തുമ്പോൾ പിരിവ് അവസാനിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്.

മാർച്ച് 26 നാണ് പണം സമാഹരിക്കാൻ തുടങ്ങിയത്. ആദ്യ ദിവസം തന്നെ 30 ലക്ഷം രൂപ ലഭിച്ചു. പിന്നീട് സർവർ തകരാറായത് മൂലം ഉദ്ദേശിച്ച രീതിയിൽ പണം സമാഹരിക്കാനായില്ല. എന്നാൽ ഇതുവരെ പണം നൽകിയവരിൽ വിദേശികളില്ലെന്നും വിദേശത്ത് നിന്നുളള സംഭാവന സ്വീകരിക്കില്ലെന്നും സി.പി.ഐ. വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *