എറണാകുളം :
ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം, വയനാട് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സരിത എസ്. നായർ തയ്യാറെടുക്കുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് എറണാകുളം കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍ വൈ. സഫിറുള്ള മുമ്പാകെ മൂന്ന് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.നാളെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
കോണ്‍ഗ്രസിലെ പന്ത്രണ്ടോളം പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടും യാതൊരുവിധ മറുപടിയും നടപടിയും എടുക്കാത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നതെന്നു സരിത പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസിന്‍റെ, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ യഥാര്‍ത്ഥ മുഖം ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനാണ് മത്സരിക്കുന്നത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാടിന് ദേശീയ ശ്രദ്ധ ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് എന്താണെന്ന് താന്‍ പ്രചരണത്തിലൂടെ തുറന്നുകാട്ടുമെന്നും സരിത വ്യക്തമാക്കി.
എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരെയാണ് മത്സരമെന്നു സരിത മുന്നേ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഫലത്തിൽ തങ്ങൾക്കു കിട്ടേണ്ട വോട്ടുകൾ കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇടതുമുന്നണി പ്രവർത്തകർ.