Thu. Dec 19th, 2024
തിരുവനന്തപുരം:

ചിട്ടിപ്പണം കൈപറ്റാത്ത മനോരോഗിയില്‍ നിന്നും, ജാമ്യമായി ഈടാക്കിയ വസ്തുവിന്റെ പ്രമാണവും സ്വര്‍ണ്ണാഭരണങ്ങളും, കെ.എസ്.എഫ്.ഇ. മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലുള്ള നടപടികള്‍ കെ.എസ്.എഫ്.ഇ പോലുളള പൊതുമേഖലാ സ്ഥാപനം ചെയ്യരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

ഒറ്റശേഖരമംഗലം മഞ്ചംകോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് ഉത്തരവ്. അവരുടെ ഭര്‍ത്താവിനെ കെ.എസ്.എഫ്.ഇ. വെള്ളനാട് ബ്രാഞ്ച് മാനേജര്‍ പ്രലോഭിപ്പിച്ച് വശത്താക്കി, 10 ലക്ഷത്തിന്റെയും, 25 ലക്ഷത്തിന്റെയും രണ്ടു ചിട്ടികളില്‍ ചേര്‍ത്തതായി പരാതിയില്‍ പറയുന്നു. രണ്ടു ചിട്ടികള്‍ക്കുമായി ചിട്ടി ഉടമ കടംവാങ്ങി 1,92,500 മാസ തവണ അടച്ചു. പിന്നീട് ചിട്ടിയുടെ രണ്ടാം ലേലം സ്ഥിരപ്പെടുത്തി നല്‍കിയതായി പറഞ്ഞ് 5.78 ആര്‍ വസ്തുവിന്റെ ഒറിജിനല്‍ ആധാരവും റെക്കോര്‍ഡുകളും മാനേജര്‍ കൈവശപ്പെടുത്തി. എന്നാല്‍ ചിട്ടി ഉടമ ചിട്ടിത്തുക വാങ്ങുകയോ, ഈട് കടപത്രം ഒപ്പിട്ടു നല്‍കുകയോ ചെയ്തിട്ടില്ല.

രോഗിയാവുന്നതിനു മുമ്പ്, ഇദ്ദേഹം വെള്ളറട കെ.എസ്.എഫ്.ഇ. ശാഖയില്‍ നിന്നും പിടിച്ച ചിട്ടിക്ക് ജാമ്യമായി നല്‍കിയ 45.700 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, ചിട്ടി പൂര്‍ണമായി അടച്ചുതീര്‍ത്തിട്ടും മടക്കി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. പെണ്‍മക്കളുടെ കല്യാണം നടത്താന്‍ സ്വര്‍ണ്ണാഭരണങ്ങളും ആധാരവും അടച്ച 1,92,500 രൂപയും തിരികെ വാങ്ങി നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കമ്മീഷന്‍ കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിയുടെ ഭര്‍ത്താവ് ചിട്ടിലേലത്തില്‍ നേരിട്ട് പങ്കെടുത്ത് ചിട്ടി പിടിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചിട്ടിപ്പണം കൈപ്പറ്റാന്‍ കീഴാവൂര്‍ വില്ലേജില്‍ 5.85 ആര്‍ വസ്തുവും വീടും ജാമ്യമായി നല്‍കി. എന്നാല്‍ ഭാവി ബാധ്യതയായ 23 ലക്ഷം രൂപക്ക് ജാമ്യവസ്തുവിന്റെ വില തികയില്ല. മതിയായ ജാമ്യം നല്‍കാനോ ചിട്ടിത്തുക വാങ്ങാനോ പരാതിക്കാരിയുടെ ഭര്‍ത്താവ് തയ്യാറല്ല.

മതിയായ ജാമ്യം നല്‍കി കുടിശിക തീര്‍ത്ത് ചിട്ടിപ്പണം കൈപ്പറ്റാത്ത സാഹചര്യത്തില്‍ ചിട്ടിയുടെ പ്രൈസ് മണിയായ 17,50,000 രൂപ, ചിട്ടിയിലേക്ക് മാസാമാസം അടയ്ക്കാനുള്ള തവണതുകയിലേക്ക് വരവുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ 5,06,222 രൂപ ബാക്കി അടയ്ക്കാനുണ്ടെന്ന് 2018 നവംബര്‍ 21 ന് ചിട്ടി ഉടമയെ അറിയിച്ചിട്ടുണ്ട്. പ്രസ്തുത തുകയുടെ തിരിച്ചടവിലേക്കാണ് പഴയ ചിട്ടിയുടെ ജാമ്യമായി നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളും വസ്തുവിന്റെ ആധാരവും തടഞ്ഞു വച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലത്തില്‍ ചിട്ടിപ്പണം കൈപ്പറ്റാത്ത പരാതിക്കാരിയുടെ ഭര്‍ത്താവിന് അടച്ച തവണതുക കൂടാതെ 5,06,222 രൂപ ബാധ്യതയുണ്ടായതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ബാധ്യത പൂര്‍ണമായും തീര്‍ത്ത ചിട്ടിക്ക് ജാമ്യമായി നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു നല്‍കാത്തത് ശരിയായ നടപടിയല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ജാമ്യമായി നല്‍കിയ വസ്തു ഭാവി ബാധ്യതക്ക് തികയാത്തതിനാല്‍ ബോണ്ട് എക്‌സിക്യൂട്ടീവ് ചെയ്യാത്ത സാഹചര്യത്തില്‍ പ്രമാണം തിരികെ നല്‍കാനുള്ള ബാധ്യത സ്ഥാപനത്തിന് ഉണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ചിട്ടി ഉടമ മനോരോഗത്തിന് ചികിത്സയിലായ സാഹചര്യവും ചിട്ടിപ്പണം കൈപ്പറ്റിയില്ലെന്ന വസ്തുതയും പരിഗണിച്ച് മനുഷ്യത്വപരമായ സമീപനം കെ.എസ്.എഫ്.ഇ. കാണിക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. കേസിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉചിതവും അനുഭാവപൂര്‍വവുമായ നടപടി ഉണ്ടാകണമെന്ന് കമ്മീഷന്‍ കെ.എസ്.എഫ്.ഇ, എം.ഡിക്ക് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *