കുവൈത്ത്:
സന്ദർശന വിസയിൽ എത്തുന്നവർക്കും, കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭയുടെ ഉത്തരവ്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിഞ്ഞു മാത്രമേ നിയമം പ്രാബല്യത്തിൽ വരൂ. സന്ദർശന വിസയിൽ എത്തുന്നവർക്ക്, ഇൻഷുറൻസ് പരിരക്ഷയിൽ ആശുപത്രിയിൽ ചികിത്സ ലഭിക്കും. എന്നാൽ, അടിയന്തര വൈദ്യസഹായവും, സർജറിയും മാത്രമാകും ലഭിക്കുക. അടിയന്തര ചികത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല. സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം, ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ രസീതും ഇനി മുതൽ സ്പോൺസർ സമർപ്പിക്കണം എന്ന് ഉത്തരവിൽ പറയുന്നു.
സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും, താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കികൊണ്ടുള്ള നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ചികിത്സ സഹായം ലഭിക്കുന്നതിന് വേണ്ടി മാത്രം വിസയെടുക്കുന്നത് തടയാനാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇൻഷുറൻസ് പ്രീമിയം തുക എത്രയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.