ന്യൂഡല്‍ഹി:
റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കാണിച്ചാണ് പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ചത്. അതേ സമയം നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ ഇരട്ടത്താപ്പ് ഇക്കാര്യത്തില്‍ പുറത്ത് വന്നുവെന്ന് പ്രതിപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തി.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയും ചര്‍ച്ചാ വിഷയവുമായ റഫേല്‍ പ്രതിരോധ ഇടപാട് മൂടി വയ്ക്കാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. റഫേല്‍ അഴിമതിയെക്കുറിച്ചുള്ള പുസ്തകം ചെന്നൈയില്‍ പ്രകാശനം ചെയ്തതിനെ പിന്നാലെ പിടിച്ചെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ റഫേല്‍ പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോകളും വ്യാപകമായി നിരോധിക്കുകയാണ്.
അഴിമതി വ്യക്തമാക്കി കോണ്‍ഗ്രസ് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് വീഡിയോയ്ക്ക് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അനുമതി നല്‍കാനാവില്ലെന്നാണ് കമ്മീഷന്‍ നിലപാട്. സര്‍ക്കാരിന്റെ അഴിമതികളും ഭരണ വീഴ്ച്ചകളും വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണ് തിരഞ്ഞെടുപ്പ് സമയം. ഇതിനെതിരായ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണന്ന് രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.
അതേ സമയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ബി.ജെ.പി. പുറത്തിറക്കുന്ന നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമയ്ക്ക് പ്രദര്‍ശനത്തിന് തടസമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച്ചയാണ് സിനിമയുടെ റിലീസ്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പക്ഷെ പ്രദര്‍ശനാനുമതി നല്‍കണമോ വേണ്ടയോ എന്ന തീരുമാനിക്കേണ്ടത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പ് വ്യക്തമായതായി പ്രതിപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തുന്നു. മോദിയ്ക്കും ബിജെപിയ്ക്കും അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് കൈകൊള്ളുന്നുവെന്ന പരാതി വ്യാപകമാണ്.