Sat. Jan 18th, 2025

മോഹൻലാലിൻറെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ പത്രപരസ്യത്തിനെതിരെ പോലീസ് അസോസിയേഷന്റെ പരാതി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ലൂസിഫർ, ജോൺ വിജയ് ചെയ്ത ഐ.പി.എസ്. ഓഫീസർ കഥാപാത്രമായ മയിൽവാഹനത്തിന്റ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന വർണ്ണ ചിത്രത്തോട് കൂടിയ പത്രപരസ്യത്തിന് എതിരെയാണ് പരാതി. പരസ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും, സെൻസർ ബോർഡിനും പരാതി നൽകിയിരിക്കുന്നത്. ഇത്തരം പരസ്യങ്ങൾ ആവർത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പോലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്കരിക്കും എന്നും പോലീസ് വകുപ്പ് താക്കീത് നൽകിയിട്ടുണ്ട്.

“ചിത്രത്തിലെ നായകൻ യൂണിഫോമിലുള്ള ഒരു പോലീസ് ഓഫിസറെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ചിത്രത്തോടൊപ്പം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന തരത്തിലുള്ള തലവാചകം ഉൾപ്പെടെയുള്ളതാണ് പ്രസ്തുത പരസ്യം. ഈ പരസ്യം കാണുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളിൽ ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല. പോലീസിനെ മനഃപൂർവം ആക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നു വരുന്നുണ്ട്. മുൻപ് കൊടും ക്രിമിനലുകളായിരുന്നു പോലീസിനെ ആക്രമിച്ചിരുന്നുവെങ്കിൽ നിർഭാഗ്യവശാൽ ഇപ്പോൾ പോലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കൾക്കും പങ്കുള്ളതായി കാണുവാൻ കഴിയും. ഇതിനു പ്രേരകമാകുന്നതിൽ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു,” എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവും ലൂസിഫറിന്റെ പത്രപരസ്യത്തിനെതിരെ സമാനമായ വിമർശനം ഉന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് രാമചന്ദ്രബാബു തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്, എന്നാൽ പിന്നീട് അദ്ദേഹം തന്റെ പോസ്റ്റ് പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *