അഹമ്മദാബാദ്:
മുൻ സർക്കാർ ഉദ്യോഗസ്ഥനായ എ.ജെ. പട്ടേലിനെ, ലോക്സഭ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിലെ മെഹ്സാനയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. പാട്ടീദാർ നേതാവുകൂടിയാണ് എ.ജെ.പട്ടേൽ. പട്ടേൽ സമുദായത്തിനു മുൻതൂക്കമുള്ള മണ്ഡലമാണ് മെഹ്സാന. എ.ഐ.സി.സി. നേതൃത്വമാണു തിങ്കളാഴ്ച സ്ഥാനാർത്ഥിയായി പട്ടേലിനെ പ്രഖ്യാപിച്ചത്.
നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ചുരുക്കം സമയം അവശേഷിക്കെയാണ് കോൺഗ്രസ്, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എന്നാൽ, ബി.ജെ.പി. ആ സീറ്റിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പാട്ടീദാർ സമുദായത്തിലെ, രാഷ്ട്രീയപരമായും, സാമ്പത്തികപരമായും മുൻപന്തിയിൽ നിൽക്കുന്ന കഡ്‌വ പട്ടേൽ എന്ന വിഭാഗത്തിലെ അംഗമാണ് 73 കാരനായ പട്ടേൽ.
ക്ലാസ് വൺ ഓഫീസറായിരുന്ന പട്ടേൽ, രാഷ്ട്രീയപ്രവേശനത്തിനുമുമ്പ് വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചിരുന്നു. സർവ്വീസിൽ നിന്നു വളന്ററി റിട്ടയർമെന്റ് എടുക്കുകയായിരുന്നു.
പട്ടാൻ ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ്സ് അദ്ധ്യക്ഷനായും, സമസ്ത് ചൌരാസി കഡ്‌വ പാട്ടീദാർ സമാജത്തിന്റെ മെഹ്സാനയിലേയും, പട്ടാനിലേയും മുഖ്യനായിട്ടും സേവനമനുഷ്ഠിച്ച പട്ടേൽ, ഇപ്പോൾ, മെഹ്സാന അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുന്നു.
ഗുജറാത്തിൽ 26 ലോക്സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23 നു നടക്കും.