ഡല്‍ഹി:
ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മുഹമ്മദ് അദ്നാന് 69-ാം ലിന്‍ഡോ നൊബേല്‍ ലോറിയറ്റിൽ പങ്കെടുക്കാന്‍ അവസരം.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30-ഓളം നോബല്‍ ജേതാക്കളായ ശാസ്ത്രജ്ഞരും തിരഞ്ഞെടുത്ത 600 ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥികളും ഒത്തുകൂടുന്ന ലിന്‍ഡോ നോബല്‍ ലോറിയറ്റില്‍ പങ്കെടുക്കാനാണ് മുഹമ്മദ് അദ്നാന് ക്ഷണം ലഭിച്ചത്. ഡല്‍ഹി ഐ.ഐ.ടിയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ പ്രൊഫ.ജി.വിജയ പ്രകാശിന്റെ കീഴില്‍ നാനോഫോട്ടോണിക്‌സ് ലാബില്‍ ഗവേഷണം നടത്തുകയാണ് അദ്നാന്‍. അദ്‌നാന്റെ ജൈവ, രാസ പദാര്‍ത്ഥങ്ങളുടെ ഉദ്ഗമനത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള ഗവേഷണമാണ് തിരഞ്ഞെടുത്തത്.
കോസ്‌മോളജി, ലേസര്‍ ഫിസികസ്, ഗുരുത്വാകര്‍ഷണ കിരണങ്ങള്‍ എന്നിവയാണ് ഈ വര്‍ഷത്തെ ലോറിയറ്റിലെ പ്രധാന വിഷയങ്ങള്‍.
1951 മുതല്‍ വര്‍ഷത്തിലൊരിക്കല്‍ ലിന്‍ഡോയില്‍ ശാസ്ത്രജ്ഞന്മാര്‍ക്കായി ഈ കൂടിക്കാഴ്ച ഉണ്ടാകും. കെമിസ്ട്രി, ഫിസിക്‌സ്, ഫിസിയോളജി, മെഡിസിന്‍ എന്നീ വിഷയങ്ങളിലെ നൊബേല്‍ ജേതാക്കളാണ് അതാതു വിഷയങ്ങളിലെ തിരഞ്ഞെടുത്ത ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥികളോട് സംവദിക്കാനായി വേദിയിലെത്തുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികവുറ്റ 600 ശാസ്ത്ര വിദ്യാര്‍ത്ഥികളെയാണ് മീറ്റിനായി തിരഞ്ഞെടുക്കാറുള്ളത്. 35 വയസ്സിനു താഴെയുള്ള ശാസ്ത്ര വിഷയങ്ങളിലെ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍, പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് അവസരം. പല ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെയാണ് മീറ്റില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. 140 ഓളം അക്കാഡമികള്‍, സര്‍വകലാശാലകള്‍, ഗവേഷക കമ്പനികള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വര്‍ഷാവര്‍ഷങ്ങളില്‍ നാമനിര്‍ദ്ദേശങ്ങള്‍ വരാറുണ്ട്.
‘ലോറിയറ്റില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതില്‍ താന്‍ അഭിമാനിക്കുന്നു എന്നും, ഒരു വേദിയില്‍ ഒരുപാടു ശാസ്ത്രജ്ഞന്മാരോട് സംവദിക്കാനുള്ള അവസരമാണിതെന്നും’ അദ്നാന്‍ പറഞ്ഞു. അസംഘട്ടില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് അദ്നാന്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദവും, 2015-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ഈ വര്‍ഷത്തെ ന്യൂട്ടണ്‍-ബാബ ഫെല്ലോഷിപ്പും ഫെബ്രുവരിയില്‍ അദ്നാനെ തേടി വന്നിരുന്നു. നവംബറില്‍ കേംബ്രിഡ്ജ് സന്ദര്‍ശിക്കാനിരിക്കുകയാണ് അദ്നാന്‍. ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയാണ് ജര്‍മനിയില്‍ വെച്ച് ലിന്‍ഡോ നൊബേല്‍ ലോറിയറ്റ് മീറ്റ് നടക്കുന്നത്.