കൊച്ചി:
പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെ മാതാവ് ലളിത, പിതാവ് സത്യ നാരായണന്‍, കൃപേഷിന്റെ മാതാവ് ബാലാമണി, പിതാവ് കൃഷ്ണന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. പ്രതികള്‍ സി.പി.എമ്മുകാരായതിനാല്‍ സി.പി.എം. നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനം കേസ് ഫലപ്രദമായി അന്വേഷിക്കില്ലെന്ന ആശങ്കയിലാണ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹരജി നല്‍കുന്നത്.
സി.പി.എം. നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ടു മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്‌ലാലിനെയും വെട്ടി കൊലപ്പെടുത്തുന്നത്. സംഭവം ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയെങ്കിലും പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസില്‍ ഇതുവരെ സി.പി.എം നേതാവ് പീതാംബരന്‍ ഉള്‍പ്പടെ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ ഒരു പ്രതിയെ മുന്‍ എം.എല്‍.എ. കുഞ്ഞിരാമന്‍ മോചിപ്പിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും, കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കത്തയച്ചും അറിയിച്ചിട്ടുണ്ട്.