കിം കി ഡുക്കിന്റെ ഐൽ എന്ന സിനിമ കണ്ടവർ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഒറ്റമുറി വീടുകളെ മറക്കാനിടയില്ല. പല നിറങ്ങളിൽ വെള്ളത്തിൽ നിലനിൽക്കുന്ന വീടുകളിൽ മീൻ പിടിക്കാനെത്തുന്നവർ മാത്രമാണ് താൽക്കാലികമായി താമസിക്കുന്നത്. ആ സിനിമ കണ്ട എല്ലാ പ്രേക്ഷകരും ഒരിക്കലെങ്കിലും അവിടെ താമസിക്കാൻ ആഗ്രഹിക്കും.
എന്നാൽ ഇതാ ഇങ്ങ് മലേഷ്യയിൽ കടലിൽ ബോട്ടുകളിൽ കുടുംബമായി താമസിക്കുന്ന ഒരു ജന വിഭാഗം. അധികമാരും അറിയപ്പെടാതെ, രാപ്പകൽ ഭേദമില്ലാതെ കടലിനോട് ചേർന്ന് ജീവിക്കുന്ന പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ താമസിക്കുന്ന ഒരുപറ്റം ആളുകൾ. ഭൂരിഭാഗം പേരും നിരക്ഷരരാണ്. ഈ നാട്ടിലേക്ക് എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടാണ്. എന്നാൽ ആ ബുദ്ധിമുട്ടുവകൾ സഹിച്ച് എത്തിച്ചേർന്നാലോ, അതി സുന്ദരമായ തീരങ്ങൾ കൊണ്ട് സമ്പന്നമായ പ്രകൃതി ഭംഗി നേരിൽ കണ്ടാസ്വദിക്കാം.
മലേഷ്യയുടെ തലസ്‌ഥാനമായ ക്വലാലംപൂരിൽ നിന്നും ഏറെ ഉള്ളിലോട്ടുള്ള ടാറ്റഗാൻ എന്ന ദ്വീപിലാണ് ഈ ജനവിഭാഗം ജീവിക്കുന്നത്. ക്വലാലംപൂരിൽ നിന്ന് സെംപോർണയിലെത്തി ബോട്ടിൽ വേണം ടാറ്റഗാനിലേക്ക് പോകുവാൻ. നിരവധി അക്രമങ്ങൾ ഈ യാത്രാമധ്യേ നടക്കുന്നുണ്ടെന്നതിനാൽ ഈ യാത്ര അത്യന്തം അപകടം നിറഞ്ഞതും, ക്ലേശമേറിയതുമാണ്. മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ മാത്രമേ അവിടെയെത്താൻ സാധിക്കു എന്നതിനാൽ ഭാഷയറിയാത്ത അവരുടെ ബോട്ടിൽ കയറിപ്പറ്റുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്.
“ബജൗ” എന്നാണ് ഇവിടുത്തെ ജനവിഭാഗങ്ങൾ അറിയപ്പെടുന്നത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ഇവർക്ക് കടലല്ലാതെ മറ്റൊരു ലോകമില്ല. കുടുംബസമേതം ചെറു ബോട്ടിലാണ് ഇവർ താമസിക്കുന്നത്. ആയതിനാൽ കടലിലെ നാടോടികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ സമയം വെള്ളത്തിൽ ജീവിക്കുന്ന ജനത കൂടെയാണ് ഇവർ. ടബ്ബലാനോസ് ദ്വീപിലാണ് ഏറ്റവും കൂടുതൽ ബജൌകൾ താമസിക്കുന്നത്. സൂര്യനിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി മഞ്ഞളുകൊണ്ടുണ്ടാക്കിയ പേസ്റ്റ് സദാസമയവും സ്ത്രീകൾ മുഖത്തിടാറുണ്ട്.
ആശയ വിനിമയത്തിനുള്ള തടസവും സുരക്ഷാ ഭീഷണിയുമാണ് സഞ്ചാരികളെ ഈ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. വിദേശ വിനോദ സഞ്ചാരികളെ അക്രമിച്ചതായുള്ള നിരവധി കേസുകൾ ഇവിടെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമെങ്കിൽ മനസ്സിനു വിരുന്നൊരുക്കുന്ന അതിമനോഹര കാഴ്ചയാണ് ഇവിടെ പ്രകൃതി കാത്തു വെച്ചിരിക്കുന്നത്.